'ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും'; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു

Update: 2024-11-14 14:13 GMT

അങ്കാറ: ഹമാസിനെ അമര്‍ര്‍ച്ച ചെയ്യുന്നതിനായി ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി. ഗാസയില്‍ സമാധാനം കൊണ്ടുവരാത്ത പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. നേരത്തെയും ഇസ്രായേല്‍ വിരോധം വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഉര്‍ദുഗാന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങുന്നത്.

സൗദി അറേബ്യ, അസര്‍ബൈജാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് തുര്‍ക്കി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ അടിവരയിട്ട് വ്യക്തമാക്കി. നെതന്യാഹുവിനെതിരെ ഇസ്രായേലിന് അകത്തു നിന്നും പ്രതിഷേധം ശക്തമാകവേയാണ് തുര്‍ക്കിയും നിലപാട് പ്രഖ്യാപിക്കുന്നത്.

'ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും' ഉര്‍ദുഗാന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ തുര്‍ക്കി ഈ നിലപാട് സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് ഇസ്രായേല്‍ കാര്യമായ പരിഗണന തുര്‍ക്കിക്ക് നല്‍കാറുമില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിപ്പോള്‍ മുതല്‍ സമാന നിലപാടിലാണ് തുര്‍ക്കി. കഴിഞ്ഞ വര്‍ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്‍ അവീവിലെ തുര്‍ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. ഇതിനിടെ പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ ഇസ്രായേല്‍ നയതന്ത്രത്തില്‍ കാര്യമായ മാറ്റം വരുത്തില്ലെന്ന് ഉറപ്പാണ്.

ഈ വര്‍ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസിലും തുര്‍ക്കി ഇടപെടല്‍ നടത്തിയിരുന്നു. ഇസ്രയേലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് നവംബര്‍ ആദ്യം ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്‍ദുഗാന്‍ പറഞ്ഞു.

നേരത്തെ ഗാസയിലെ കശാപ്പുകാരനെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിശേഷിപ്പിച്ചു ഉര്‍ദുഗാന്‍ രംഗത്തുവന്നിരുന്നു. 'ഒക്ടോബര്‍ 7 മുതല്‍ കൊലയാളി ഭരണകൂടമായ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്ത പതിനായിരക്കണക്കിന് ആളുകളെ ഞാന്‍ ദുഃഖത്തോടെ ഓര്‍ക്കുന്നു.ജീവിതപങ്കാളികളെയും കുട്ടികളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ട ഹൃദയം തകര്‍ന്ന ഗസയിലെയും ഫലസ്തീനിലെയും ലബനാനിലെയും സഹോദരീ സഹോദരന്മാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നുമാണ് അന്ന് ഉര്‍ദുഗാന്‍ പറഞ്ഞത്.

അതിനിടെ ഹമാസിനെയും ഹിസ്ബുള്ളയെയും അടിച്ചമര്‍ത്തുന്ന നെതന്യാഹുവിന് സ്വന്തം നാട്ടില്‍ ശത്രുക്കളുടെ എണ്ണം കൂടി വരികയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ അതിശക്തമായ രോഷം ഇസ്രായേലില്‍ ഉടലെടുത്തിരുന്നു. രാഷ്ട്രീയമായി പ്രതിസന്ധികള്‍ ഏറെയാണ്. ഇതിനിടെയാണ് നെതന്യാഹുവിന്റെ മകന്റെ തുറന്നു പറച്ചില്‍ ഏറെ സജീവ ചര്‍ച്ചയാകുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണവുമായി മകന്‍ യായിര്‍ നെതന്യാഹുവാണ് രംഗത്തുവന്നത്. ഏജന്‍സി ഇസ്രായേല്‍ സൈനികരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് നടപടികളിലൂടെയും മറ്റും വേട്ടയാടുകയും ചെയ്യുന്നതായി യായിന്‍ ആരോപിക്കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രമായി നിരവധി വിവാദങ്ങള്‍ തലപൊക്കുന്നതിനിടെയാണ് യായിര്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ മകന്‍ തന്നെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അവസ്ഥ വന്നതോടെ ഇസ്രായേല്‍ വിരുദ്ധ മാധ്യമങ്ങളെല്ലാം വലിയ തോതില്‍ ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് യായിര്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ പുറത്തുവന്നത്.

Tags:    

Similar News