യുഎന്‍ കാലത്തിനൊത്ത് മാറാത്ത പഴഞ്ചന്‍ കമ്പനി; രണ്ടു വന്‍ സംഘര്‍ഷം നടക്കുമ്പോള്‍ കാഴ്ചക്കാരന്‍; കോവിഡ് കാലത്തും യുഎന്‍ ഒന്നും ചെയ്തില്ല; ഐക്യരാഷ്ട്ര സംഘടനയെ വിമര്‍ശിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

യുഎന്‍ കാലത്തിനൊത്ത് മാറാത്ത പഴഞ്ചന്‍ കമ്പനി

Update: 2024-10-07 06:19 GMT

ന്യൂഡല്‍ഹി: ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുമ്പോള്‍ യുഎന്നിന്റെ പ്രസക്തി ഏറെ ചര്‍ച്ചാ വിഷയമായി നില്‍ക്കുന്നുണ്ട്. ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങള്‍ യുഎന്നിനെ വകവെക്കുന്നു പോലുമില്ല. ഇതിനിടെ യുഎന്നിനെ വിമര്‍ശിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തുവന്നു. ലോകത്തു രണ്ടു പ്രധാന സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ യുഎന്‍ (ഐക്യരാഷ്ട്രസംഘടന) വെറും കാഴ്ചക്കാരായി മാറിനില്‍ക്കുകയാണെന്ന് എസ്.ജയശങ്കര്‍ വിമര്‍ശിച്ചു.

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷവും, പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണു ജയശങ്കര്‍ പരാമര്‍ശിച്ചത്. വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം നീങ്ങാത്ത പഴഞ്ചന്‍ കമ്പനിയെപ്പോലെയാണ് യുഎന്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാന വിഷയങ്ങളില്‍ യുഎന്‍ ഇടപെടാത്തതുകൊണ്ടാണ്, രാജ്യങ്ങള്‍ സ്വന്തം നിലയില്‍ പരിഹാരം കണ്ടെത്തുന്നത്.

'ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നായിരുന്നു കോവിഡ്. അന്ന് യുഎന്‍ കാര്യമായി ഒന്നും ചെയ്തില്ല'ജയശങ്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വന്തം നിലയ്ക്കാണ് കാര്യങ്ങള്‍ ചെയ്തത്. ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) , ക്വാഡ്, രാജ്യാന്തര സോളര്‍ അലയന്‍സ് (ഐഎസ്എ) തുടങ്ങിയ കൂട്ടായ്മകള്‍ യുഎന്‍ ചട്ടക്കൂടിനു പുറത്താണ്. യുഎന്‍ തുടരുമെങ്കിലും വളരെ സജീവമായ യുഎന്‍ ഇതര ഇടം കൂടി വളര്‍ന്നിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

അതേസമയം ഇസ്ലാമാബാദിലേക്ക് പോകുന്നത് ഇന്ത്യ-പാക് ബന്ധം ചര്‍ച്ച ചെയ്യാനല്ലെന്നും മറിച്ച് തന്റെ സന്ദര്‍ശനം ഷങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നത് മാത്രമാണെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. അതെ, ഞാന്‍ ഈ മാസം പകുതിയോടെ പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങുകയാണ്, അത് എസ്സിഒ ( ഷങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ) തലവന്മാരുടെ യോഗത്തിന് വേണ്ടിയാണ്,'' ജയശങ്കര്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യ ബന്ധത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാല്‍ ധാരാളം മാധ്യമശ്രദ്ധയുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ യാത്ര ഒരു ബഹുരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരിക്കും. ഒരിക്കലും ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല താന്‍ അവിടെ പോകുന്നത്. എസ്സിഒയില്‍ നല്ലൊരു അംഗമാകാനാണ് അവിടെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷങ്ഹായ് ഉച്ചകോടി ഇത്തവണ ഇസ്ലാമാബാദില്‍ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. കാരണം ഇന്ത്യയെപ്പോലെ പാകിസ്ഥാനും ഈ സംഘത്തില്‍ അടുത്തിടെ അംഗമായതാണ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വെള്ളിയാഴ്ച എംഇഎ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 15-16 തീയതികളിലാണ് എസ്സിഒ ഉച്ചകോടി നടക്കുക."UN Like Old Company, Not Entirely Keeping Up With Market": S Jaishankar

Tags:    

Similar News