ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന് ഇസ്രായേലിനോട് ബൈഡന്‍; ആക്രമണത്തെ അപലപിച്ചു വിവിധ രാഷ്ട്രങ്ങള്‍; ബോധപൂര്‍വമായ ആക്രമണമെന്ന് യുഎന്‍

യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം ഇസ്രായേലിനോട് ബൈഡന്‍

Update: 2024-10-12 07:07 GMT

ജറുസലം: ലെബനനിലെ യുഎന്‍ ഇടക്കാല സേനയുടെ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ക്ക് പരുക്കേറ്റ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ പ്രതിരോധസേന ഏറ്റെടുത്തു. തുടര്‍ച്ചയായി മൂന്ന് തവണയാണ് യുഎന്‍ സേനയുടെ നിരീക്ഷണ ടവറിന് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തത്. ഇതോടെ ഇസ്രായേലിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അടക്കം നേരത്തെ തന്നെ യുഎന്നിനെതിരെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വെടിവെപ്പിനെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ യുഎന്‍ സമാധാനസേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. 48 മണിക്കൂറിനിടയില്‍ രണ്ട് തവണ യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് ബൈഡന്റെ നിര്‍ദേശം. ഇത് തികച്ചും 'പോസിറ്റീവായ' നിര്‍ദേശമാണെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം ഇസരായേലിനെതിരെ ശക്തമായ ഭാഷയിലാണ് യുഎന്‍ പ്രതികരിച്ചതും.

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ബോധപൂര്‍വമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും 1701 ലെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന ഇസ്രയേലിനെ നേരത്തെ അറിയിച്ചിരുന്നു. ലബനനിലെ യുഎന്‍ ഇടക്കാല സേനയുടെ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ക്ക് പരുക്കേറ്റ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) ഏറ്റെടുത്തിരുന്നു.

നഖൂറയിലെ യൂണിഫില്‍ ബേസിന് ചുറ്റും തമ്പടിച്ച ഐഡിഎഫ് സൈനികര്‍ പെട്ടെന്നുണ്ടായ അപായമുന്നറിപ്പിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടികളില്‍ അപലപിച്ചുകൊണ്ട് ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ രണ്ട് സൈനികരെ പരുക്കേല്‍പ്പിച്ച ഐഡിഎഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

വ്യാഴാഴ്ചയും ലബനനില്‍ സമാനസംഭവം അരങ്ങേറിയിരുന്നു. ബ്ലൂ ലൈനിലെ യുഎന്‍ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ പ്രതിരോധസേന മനപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആരോപണം. ഇസ്രയേല്‍, ഗോളന്‍ ഹൈറ്റസ് എന്നിവയെ ലബനനില്‍ നിന്നും വേര്‍തിരിക്കുന്ന മേഖലയാണ് ബ്ലൂ ലൈന്‍. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.

അതിനിടെ വ്യാഴാഴ്ച രാത്രി ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 139 പേര്‍ക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ വഫീഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സഫ രക്ഷപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 23 നു ശേഷം ലബനനില്‍ നടത്തിയ ശക്തമായ മൂന്നാമത്തെ വ്യോമാക്രമണമാണു വ്യാഴാഴ്ച രാത്രിയിലേത്. അതേസമയം, അപകടമൊഴിവാക്കാന്‍ യുഎന്‍ സേന 5 കിലോമീറ്റര്‍ വടക്കോട്ടു മാറണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ മധ്യപൂര്‍വദേശത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിനിടെ തെക്കന്‍ ലബനനിലെ അതിര്‍ത്തിപ്പട്ടണമായ ബിന്ദ് ജബീല്‍ പ്രവിശ്യയിലെ കഫ്‌റയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 2 ലബനീസ് സൈനികര്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്കു പരുക്കേറ്റു. അതേസമയം, ഗാസയില്‍ തുടരുന്ന കനത്ത ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 61 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 231 പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ ഇതുവരെ 42,126 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 98,117 പേര്‍ക്കു പരുക്കേറ്റു.

ലബനനില്‍ യുഎന്‍ സമാധാനസേനയ്ക്കു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. 'മേഖലയിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കയുണ്ട്. യുഎന്‍ സേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ലോകരാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരുകയാണ്' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലബനനിലുള്ള യുഎന്‍ സമാധാനസേനയില്‍ 903 ഇന്ത്യന്‍ സൈനികരുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നാണു വിവരം. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ഫ്രാന്‍സ്, മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പതിനായിരത്തിലേറെ സൈനികരാണു ലബനനിലുള്ളത്.

Tags:    

Similar News