അമേരിക്കന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം വീണ്ടും കത്തുന്നു; അനധികൃതമായി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചെന്ന് യുഎസ് കോടതി; ഉന്നമിട്ട 300 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി സര്‍ക്കാറിനോട് കോണ്‍ഗ്രസ്
അമേരിക്കന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം വീണ്ടും കത്തുന്നു
ന്യൂഡല്‍ഹി: അമേരിക്കയിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വീണ്ടും പെഗാസസ് വിവാദം കത്തുന്നു. കോടതി വിധി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസാണ് വിഷയം വീണ്ടും സജീവമാക്കിയത്. 'പെഗസസ് സ്‌പൈവെയര്‍' അന്വേഷണം വീണ്ടും തുറക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്‌പൈവെയറിലൂടെ ലക്ഷ്യമിടുന്ന 300 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എം. പി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
അനധികൃതമായി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതായ യു.എസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി കൂടുതല്‍ അന്വേഷണം നടത്തുമോ എന്നും അദ്ദേഹം ചോദിച്ചു. 300 ഇന്ത്യക്കാരുടെ വാട്‌സ്ആപ് നമ്പറുകള്‍ ലക്ഷ്യമിട്ടതായി യു.എസ് വിധി ഉദ്ധരിച്ച് സുര്‍ജേവാല അവകാശപ്പെട്ടു.
2019ല്‍ 1400 വാട്‌സ്ആപ് ഉപയോക്താക്കളുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്തതിന് ഇസ്രായേലിന്റെ എന്‍.എസ്.ഒ ഗ്രൂപ്പിന് ബാധ്യതയുണ്ടെന്ന് കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിലെ യു.എസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിവാദം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാറുകള്‍ക്ക് മാത്രം വില്‍ക്കുന്ന പെഗാസസ് സ്‌പൈവെയര്‍, മൂന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാരുടെയും രണ്ട് ബി.ജെ.പി കേന്ദ്ര മന്ത്രിമാരുടെയും ഒരു ജഡ്ജിയുടെയും ഇന്ത്യയിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ബിസിനസുകാരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചതായി 2021 ല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാറും ഇസ്രായേലിന്റെ എന്‍.എസ്.ഒ ഗ്രൂപും ആരോപണങ്ങള്‍ തള്ളുകയായിരുന്നു.
അതേസമയം, യു.എസ് കോടതിയില്‍ വാട്‌സ്ആപ് ഹാക്ക് ചെയ്തതിന്റെയും കരാര്‍ ലംഘിച്ചതിന്റെയും ഉത്തരവാദിത്തം എന്‍.എസ്.ഒ ഏറ്റെടുത്തു. 'പെഗസസ്' എന്ന സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാട്‌സ്ആപിലെ പിഴവ് മുതലെടുത്തതായും അവര്‍ അറിയിച്ചു. എന്‍.എസ്.ഒ നല്‍കേണ്ട നാശനഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ കേസ് ഇനി വിചാരണയിലേക്ക് നീങ്ങും.
നിയമവിരുദ്ധമായ സ്‌പൈവെയര്‍ റാക്കറ്റില്‍ ഇന്ത്യക്കാരുടെ 300 വാട്‌സ്ആപ് നമ്പറുകള്‍ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്ന് 'പെഗസസ്' സ്‌പൈവെയര്‍ കേസ് വിധി തെളിയിക്കുന്നുവെന്ന് സുര്‍ജേവാല 'എക്സി'ലെ പോസ്റ്റില്‍ പറഞ്ഞു. 'മെറ്റാ ്/ െഎന്‍.എസ്.ഒ' കേസിലെ യു.എസ് കോടതിയുടെ വിധി സുപ്രീംകോടതി ശ്രദ്ധിക്കുമോ? 2021ല്‍ സമര്‍പ്പിച്ച പെഗസസ് സ്‌പൈവെയറിനെക്കുറിച്ചുള്ള സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സുപ്രീംകോടതി മുന്നോട്ട് പോകുമോ?- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യം. പെഗസസ് കേസില്‍ നീതിയുടെ ലക്ഷ്യം നിറവേറ്റാന്‍ 300 പേരുകള്‍ സ്വയം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഇപ്പോള്‍ 'മെറ്റ'യോട് ആവശ്യപ്പെടുമോ എന്നും സുര്‍ജേവാല ചോദിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ വരിക്കാരുടെ അടിത്തറ വാട്‌സ്ആപിനും ഫെയ്‌സ്ബുക്കിനും ഉള്ളതിനാല്‍ പെഗസസ് ലക്ഷ്യമിടുന്ന 300 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടാനുള്ള ഉത്തരവാദിത്തം ഫേസ്ബുക്കിന് (ഇപ്പോള്‍ മെറ്റ) ഇല്ലേ? മോദി സര്‍ക്കാര്‍ ഉത്തരം പറയേണ്ട സമയമായി. ആരാണ് ലക്ഷ്യമിട്ട 300 പേര്‍? ആരാണ് രണ്ട് കേന്ദ്രമന്ത്രിമാര്‍? ആരാണ് മൂന്ന് പ്രതിപക്ഷ നേതാക്കള്‍? ആരാണ് ഭരണഘടനാ അധികാരി? ആരാണ് മാധ്യമപ്രവര്‍ത്തകര്‍? ആരാണ് ബിസിനസുകാര്‍? ബി.ജെ.പി സര്‍ക്കാറും ഏജന്‍സികളും എന്ത് വിവരങ്ങളാണ് അവരില്‍ നിന്ന് എടുത്തത്? അത് എങ്ങനെ സാധിച്ചു?? അതെങ്ങനെ ദുരുപയോഗം ചെയ്തു?എന്താണ് അതിന്റെ അനന്തരഫലം? നിലവിലെ സര്‍ക്കാറിനും എന്‍.എസ്.ഒയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും അതിന്റെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉചിതമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമോ? -തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചു.
നിരവധി ഹരജികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പെഗസസ് സ്നൂപ്പിംഗ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ 2021ല്‍ സുപ്രീംകോടതി ഒരു സാങ്കേതിക സമിതി രൂപീകരിച്ചിരുന്നു. പെഗസസ് വഴിയുള്ള നിയമവിരുദ്ധ നിരീക്ഷണത്തിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് 2022ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.