'അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും': ഓപ്പറേഷന്‍ സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചൂടേറിയ സംവാദത്തിനിടെ, പ്രതിപക്ഷത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍, അമേരിക്കയ്ക്ക് പങ്കൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് എതിരെ ചോദ്യങ്ങള്‍ ഉതിര്‍ത്തതോടെയാണ് അമിത്ഷാ പ്രകോപിതനായത്.
' പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ല. പക്ഷേ മറ്റേതെങ്കിലും രാജ്യത്തിലാണ് വിശ്വാസം. 'വിദേശത്തിന്' അവരുടെ പാര്‍ട്ടിയില്‍ ഉള്ള പ്രാധാന്യം എനിക്ക് മനസ്സിലാകും. അതിന്റെ അര്‍ഥം അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം എന്നല്ല. ഇക്കാരണത്താലാണ് അവര്‍ പ്രതിപക്ഷ ബഞ്ചിലിരിക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്ക് അവരവിടെ തന്നെ ഇരിക്കും'- അമിത്ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ രോഷം കൊണ്ടു.
'അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ നാളെ അറിയിക്കാം. അവര്‍ക്ക് സത്യം കേള്‍ക്കാന്‍ കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യുകയും വിദേശകാര്യ മന്ത്രി സംസാരിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത് ശരിയാണോ ? സ്പീക്കര്‍ സര്‍, അങ്ങ് അവരെ പറഞ്ഞ് മനസിലാക്കണം, അല്ലെങ്കില്‍ പിന്നീട് ഞങ്ങളുടെ അംഗങ്ങളെയും ഒന്നും പറഞ്ഞ് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല'' അമിത് ഷാ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ആ കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ഫോണ്‍ കോളും ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംം. ഏപ്രില്‍ 22 നും ജൂണ്‍ 17നുമിടയില്‍ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ല. മെയ് 9 ന് യുഎസ് വൈസ്പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് മോദി അദ്ദേഹത്തോട് വ്യക്തമാക്കിയതാണ്. മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടില്ല. അതാണ് യാഥാര്‍ത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
മേയ് 10 ന് വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ തയ്യാറാണെന്ന് അറിയിച്ച് ഫോണ്‍ കോള്‍ ലഭിച്ചു. പാക്കിസ്ഥാന്‍ തയ്യാറാണെങ്കില്‍, ഡിജിഎംഒ തലത്തില്‍ അവരില്‍ നിന്ന് അഭ്യര്‍ഥന വരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതായും ജയശങ്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ ഇന്ത്യ ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായുള്ളത്. ഇതില്‍ പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തത്.
പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആര്‍എഫ് 2 തവണ ഏറ്റെടുത്തതാണ്. എന്നാല്‍ പാകിസ്ഥാന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആര്‍എഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാകിസ്ഥാന്റെ ആണവായുധം ഉയര്‍ത്തിക്കാട്ടിയുള്ള ബ്ലാക്മെയ്‌ലിങിന് മുന്നില്‍ തലകുനിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങളെ അപലപിച്ച് പ്രസ്താവനകള്‍ ഇറക്കി. അമേരിക്കയിലായിരുന്ന തഹാവൂര്‍ റാണയെ രാജ്യത്ത് എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് ഐഎം എഫില്‍ നിന്ന് നിരന്തരം പാകിസ്ഥാന്‍ പണം കൈപ്പറ്റിയിരുന്നു. പാകിസ്ഥാന്‍ സീരിയല്‍ ബോറോവര്‍ (സ്ഥിരമായി കടംവാങ്ങുന്നവര്‍) എന്ന് മന്ത്രി പരിഹസിച്ചു. താന്‍ ചൈനയില്‍ പോയത് രഹസ്യകരാറുകള്‍ ഒപ്പുവയ്ക്കാനല്ല. ചൈന സന്ദര്‍ശിച്ചത് സംഘര്‍ഷത്തിലെ പിന്മാറ്റം ചര്‍ച്ചചെയ്യാനാണ്. അതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനാണെന്നും മന്ത്രി വിശദീകരിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ ഐതിഹാസികമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള 16 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണ്. 22 മിനിറ്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ലക്ഷ്യം കണ്ടതോടെയാണ് ആക്രമണം നിര്‍ത്തിയത്. ഭയന്ന പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിക്കുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ മധ്യസ്ഥരില്ലായിരുന്നോ എന്ന് പ്രതിപക്ഷം ചോദിച്ചു. ബാഹ്യസമ്മര്‍ദമില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. എത്ര വിമാനങ്ങള്‍ വീണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ ഒരു സൈനിക കേന്ദ്രത്തെയും തൊട്ടിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തെ തള്ളിയാണ് പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത്.
ആരുടെയും സമ്മര്‍ദത്തിനു വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിങ് പറ?ഞ്ഞു. 'ഏതെങ്കിലും സമ്മര്‍ദത്തിനു വഴങ്ങിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവച്ചതെന്ന് പറയുന്നതോ വിശ്വസിക്കുന്നതോ അടിസ്ഥാനരഹിതവും പൂര്‍ണമായും തെറ്റുമാണ്. സംഘര്‍ഷത്തിനിടയിലും മുമ്പും നിശ്ചയിച്ചിരുന്ന രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടിയെടുത്തതിനാലാണ് ഇന്ത്യ ഓപ്പറേഷന്‍ നിര്‍ത്തിവച്ചത്'' രാജ്‌നാഥ് സിങ് പറഞ്ഞു.
ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. സൈനിക ബലത്തെ നമിക്കുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു. മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. 9 തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തു. നൂറിലധികം ഭീകരരെ വധിച്ചു. ലഷ്‌കറെ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളുടെ ആസ്ഥാനങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐസ്ഐയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മേയ് 7ന് രാത്രി 1.05നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആരംഭിച്ചത്. പ്രധാനമന്ത്രി നടപടികള്‍ ഏകോപിപ്പിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളുമായി പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെയാണ് ഇന്ത്യ പ്രവര്‍ത്തിച്ചത്. കര,വായു,സേനകള്‍ ശക്തമായ മറുപടി നല്‍കി. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആണ് രാജ്യം നല്‍കിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.