'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍ ലോക്‌സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ത്ത് പ്രതിപക്ഷം; ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്; അനുകൂലിച്ച് ടിഡിപി; ജെപിസിക്ക് വിടുമെന്ന് അമിത് ഷാ

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍' ബില്‍ ലോക്‌സഭയില്‍

Update: 2024-12-17 09:10 GMT

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍' ലോക്‌സഭയില്‍. 129-ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ രണ്ടു ബില്ലുകള്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാളാണ് സഭയില്‍ അവതരിപ്പിച്ചത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ഭേദഗതി ബില്‍ എന്നിവയാണ് കേന്ദ്രമന്ത്രി സഭയില്‍ വെച്ചത്. പ്രതിപക്ഷപ്രതിഷേധം ഉയര്‍ന്നതോടെ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി.

ബില്ലിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഫെഡറല്‍ സംവിധാനത്തിന് എതിരായ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ധര്‍മ്മേന്ദ്ര യാദവ് ആരോപിച്ചു. ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം വേണമെന്നും സ്പീക്കര്‍ പറഞ്ഞു. ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂര്‍ത്തീകരണം മാത്രമെന്ന് കല്യാണ്‍ ബാനര്‍ജി എം പി പറഞ്ഞു. ബില്‍ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ

ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേര്‍ക്കുള്ള കടന്നാക്രമണമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ബില്ലിനെ അനുകൂലിക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി പ്രഖ്യാപിച്ചു. ബില്ലിന്മേല്‍ സമഗ്ര ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്‌സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. സമിതി അംഗങ്ങളെ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബില്‍ ജെപിസിക്ക് വിടാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം പ്രമേയം അവതരിപ്പിക്കും. ആദ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 368 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 220 വോട്ട് സര്‍ക്കാരിനു ലഭിച്ചു. 149 വോട്ടാണ് പ്രതിപക്ഷത്തിനു കിട്ടിയത്. വോട്ടുകളില്‍ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിന്റെ പരിചയക്കുറവ് പലര്‍ക്കും ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വോട്ടെടുപ്പ് നടത്തി. 269 അംഗങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 198 പേര്‍ ബില്ലിനെ എതിര്‍ത്തു. ജെപിസി രൂപീകരിക്കാനുള്ള പ്രമേയം രണ്ടു ദിവസത്തിനുള്ളില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഇതിനൊപ്പം ചേര്‍ക്കുന്നതിനുള്ള ബില്‍ എന്നിങ്ങനെ 2 ഭാഗങ്ങളായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ല്‍ സാധ്യമാക്കുംവിധമാണ് ബില്ലിലെ വ്യവസ്ഥ.

Tags:    

Similar News