പാലക്കാട്ട് കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി; ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു; പ്രഖ്യാപനം സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം; സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ്

എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി

Update: 2024-10-25 09:44 GMT

പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി. ഷാനിബ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പി സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്. സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സിപിഎമ്മില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിനായി പ്രചാരണത്തിന് ഇറങ്ങും.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥനയുമായി സരിന്‍ രംഗത്തെത്തിയിരുന്നു. 'ഷാനിബ്, താങ്കള്‍ ഈ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ സവിനയം പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുന്നു' ഇതായിരുന്നു സരിന്റെ അഭ്യര്‍ഥന. എന്നാല്‍, മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലാപാടിലായിരുന്നു ഷാനിബ്. ഇന്ന് ഉച്ചക്ക് രണ്ടരക്ക് പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.

തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഷാനിബ് പാര്‍ട്ടി വിട്ടത്. ചേലക്കരയില്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍ വിമതനായതിന് പിന്നാലെ പാലക്കാടും ഷാനിബ് മത്സരരംഗത്ത് എത്തിയത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു, മുഖ്യമന്ത്രിയാകാന്‍ ബിജെപിയുമായി ഐക്യപ്പെടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വിട്ട ഷാനിബ് പറഞ്ഞിരുന്നു.

ജവഹര്‍ ബാലമഞ്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും ഷാനിബ് രാജിവച്ചിരുന്നു. ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഭരണഘടന തന്നെ മാറ്റിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ യുവമോര്‍ച്ചക്കാര്‍ക്ക് വരെ വ്യാജ ഐഡി കാര്‍ഡ് നല്‍കിയെന്നും ഷാനിബ് ആരോപിച്ചിരുന്നു.

പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.

ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞിരുന്നു. ആറന്മുളയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News