അമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച 'അടൂരിയന്‍' തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്

കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്

Update: 2025-08-08 06:51 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത് വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകളെ കുറിച്ചായിരുന്നു. ഇത് തെരഞ്ഞെടുപ്പു കമ്മീഷനുമായുള്ള ഏറ്റുമുട്ടലിലേക്കും നീങ്ങിയിരിക്കയാണ്. ഇതിനിടെയാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ഒരു വശത്ത് ഉയര്‍ന്നു വരുന്നുണ്ട്. ബിജെപി ദേശീയ തലത്തില്‍ സമീപകാലത്ത് പയറ്റിയ തന്ത്രം കേരളത്തില്‍ സിപിഎം പയറ്റുന്ന തന്ത്രമാണെന്ന ആക്ഷേപമാണ് സജീവമാകുന്നത്. എന്നാല്‍, സിപിഎമ്മിന്റെ അട്ടിമറി തന്ത്രങ്ങളെ എല്ലാം മറികടന്ന് വിജയിച്ചു കയറിയ ഒരു രാഷ്ട്രീയക്കാരനുണ്ട് കേരളത്തില്‍. അത് നിലവിലെ ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശാണ് ആ രാഷ്ട്രീയക്കാരന്‍.

ഹാട്രിക് വിജയം ലക്ഷ്യമിട്ട് എ സമ്പത്ത് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങി അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഇതിന് വേണ്ടി വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയ കള്ളവോട്ടുകള്‍ തടയാനു ഫ്രീസ് ചെയ്യാനും അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടത്തിന്റെ ദേശീയ തലത്തിലുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അടൂര്‍ പ്രകാശിന്റെ നീക്കം കേരളത്തില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങളെ പൊളിച്ചെങ്കില്‍ ദേശീയ തലത്തില്‍ രാഹുലിന്റെ പോരാട്ടം എന്താകുമെന്ന് കണ്ട് തന്നെ അറിയണം.

2019ല്‍ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് കാണിച്ച് യു.ഡി.എഫ് പരാതി നല്‍കിയിരുന്നു. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി അന്നത്തെ ജില്ലാ കലക്ടര്‍ കെ വാസുകി വ്യക്തമാക്കുകയും ചെയ്തിരു്‌നു. ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നു കാര്യമാണ് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടിയത്.

്‌വോട്ടര്‍ പട്ടിക പഠിച്ച് കൃത്യമായ തെളിവുകള്‍ സഹിതമായരുന്നു അന്ന് അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടം. അമൃതാ എസ് എസ് നായര്‍ എന്ന പേരുള്ള ഒരാള്‍ക്ക് ആറ്റിങ്ങലില്‍ ഉള്ളത് മൂന്ന് വോട്ടുകളാണ് എന്നാണ് അദ്ദേഹം തെളിവുകള്‍ ഉദാഹരിച്ചു കൊണ്ട് അന്ന് ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇരട്ടവോട്ടുകള്‍ പിടിക്കപ്പെട്ടതോടെ ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തി ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കി. ഇതോടെ കള്ളവോട്ട് തടയാനും സാധിച്ചു. ഈ നീക്കമാണ് അടൂര്‍ പ്രകാശിന് മണ്ഡലത്തില്‍ കൃത്യമായ മേല്‍ക്കൈ നല്‍കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരിച്ച അടൂരിയന്‍ തന്ത്രമാണ് രാഹുല്‍ ഇപ്പോള്‍ പയറ്റാന്‍ ശ്രമിക്കുന്നതും.

അതേസമയം കേരളത്തിലെ സിപിഎമ്മിന് രാഹുലിന്റെ ശ്രമത്തോട് വലിയ താല്‍പ്പര്യമില്ലെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം അടൂര്‍ പ്രകാശ് തന്നെ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ സിപിഎം കാണിക്കുന്ന വോട്ടര്‍പട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചത്. ബിഹാറിലും കര്‍ണാടയിലും മഹാരാഷ്ട്രയിലും ബിജെപി അട്ടിമറി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

'കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമാണ്. അതിന്റെ ഭാഗമായാണ് തൃശൂരിലും നടന്നത്.അവിടെ മത്സരിച്ച സിപിഐയുടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയും കള്ളവോട്ടുകള്‍ നടന്നുവെന്ന് പറയുന്നു. ആറ്റിങ്ങല്‍ വര്‍ഷങ്ങളായി സിപിഎം ജയിച്ചുവരുന്ന മണ്ഡലമാണ്.ഒരാള്‍ക്ക് തന്നെ രണ്ടുമൂന്നും വോട്ടുകളുണ്ട്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഞാന്‍ മത്സരിക്കുന്ന സമയത്തും ആളുകള്‍ വന്ന് വിരലിലെ മഷി മായ്ക്കുന്ന സാധനം ചോദിച്ച് അടുത്ത് ആളുകള്‍ വന്നിരുന്നു. വോട്ട് ചെയ്ത് ബൂത്തില്‍ നിന്നിറങ്ങി മഷിയടയാളം ഇല്ലാതാക്കുന്ന രാസവസ്തുവിന്റെ കോഡ് 'ജനാധിപത്യം'' എന്നാണെന്ന് അന്നാണ് ഞാനറിയുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയിലെ അട്ടിമറി രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Tags:    

Similar News