നിലമ്പൂരില്‍ കടന്നാക്രമിച്ചത് മോഹ ഭംഗത്തിന്റെ പേരില്‍ പിണറായിയെ; പാര്‍ട്ടിയിലും മുന്നണിയിലും എടുക്കില്ലെന്ന ഡിഎംകെ നിലപാട് അന്‍വറിനെ പ്രകോപിപ്പിക്കുമോ? മഞ്ചേരിയില്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ മക്കള്‍ സ്‌നേഹം നിലമ്പൂര്‍ എംഎല്‍എ ചര്‍ച്ചയാക്കുമോ? അന്‍വറിനെ വേണ്ടെന്ന നിലപാടില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എത്തുമ്പോള്‍

മഞ്ചേരിയില്‍ അന്‍വര്‍ നടത്തുന്ന പ്രസംഗത്തിലെ ഓരോ വാക്കും നിര്‍ണ്ണായകമാകും

Update: 2024-10-06 09:18 GMT

ചെന്നൈ : നിലമ്പൂരില്‍ പിവി അന്‍വര്‍ കഴിഞ്ഞ ആഴ്ച കടന്നാക്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. പിന്നീട് വീണാ വിജയനേയോ മന്ത്രി മുഹമ്മദ് റിയാസിനേയോ മുഖ്യമന്ത്രിയാക്കി പിണറായി രാജിവയ്ക്കണമെന്ന പരിഹാസവും ഉയര്‍ത്തി. ഒക്ടോബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച അന്‍വര്‍ പ്രസംഗിക്കാന്‍ എത്തുന്നത് മഞ്ചേരിയിലാണ്. ഇവിടെ അന്‍വര്‍ കടന്നാക്രമിക്കുക തമിഴ്‌നാട് മുഖ്യമന്ത്രി എകെ സ്റ്റാലിനെ ആകുമോ? സ്വന്തം മകനെ ഉപമുഖ്യമന്ത്രിയാക്കി ഡിഎംകെയില്‍ കുടുംബാധിപത്യം കൊണ്ടു വരുന്ന സ്റ്റാലിനെ അന്‍വര്‍ കടന്നാക്രമിക്കുമോ? എഡിജിപി എംഅര്‍ അജിത് കുമാറിനേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും കൈവിടാത്തതായിരുന്നു പിണറായിയെ കുറ്റം പറയാനള്ള അന്‍വറിന്റെ കാരണം. തന്നെ പിണറായി കൈവിട്ടപ്പോള്‍ അച്ഛനായി മനസ്സില്‍ കണ്ട പിണറായിയെ പലതും പറഞ്ഞു അന്‍വര്‍. ഇപ്പോള്‍ ഡിഎംകെയില്‍ നിന്നും മോഹം ഭംഗം ഉണ്ടാവുകായണ് അന്‍വര്‍. ഇതും രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചതാണ്.

സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അന്‍വറിന്റെ ഡിഎംകെ മോഹം പൊലിഞ്ഞുവെന്നതാണ് വസ്തുത. പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. അന്‍വറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ ഡിഎംകെ തയ്യാറല്ല. സ്റ്റാലിനുമായുള്ള സൗഹൃദം പിണറായി ഇതുവരെ അന്‍വറിനെതിരെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ സിപിഎം തമിഴ്‌നാട് ഘടകം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന അന്‍വര്‍ ഭാവിയില്‍ ഡിഎംകെയ്ക്കും വിനയാകുമെന്ന് സ്റ്റാലിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്‍വറും സ്റ്റാലിനും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടന്നില്ല. ഇതിന് വേണ്ടി അന്‍വര്‍ ശ്രമിച്ചെങ്കിലും സ്റ്റാലിന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍്ട്ട്. കേരളത്തിലെ രാഷ്ട്രീയം ഡിഎംകെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നും സഹപ്രവര്‍ത്തകന്‍ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് സഹകരണമില്ലെന്ന് ഡിഎംകെ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ അന്‍വറിന് ബിസിനസ്സ് താല്‍പ്പര്യം ഉണ്ട്. ഇത് കൂടി മനസ്സില്‍ വച്ചാണ് ഡിഎംകെയുമായി അടുക്കാന്‍ ശ്രമിച്ചത്. ഇതോടെ മഞ്ചേരിയില്‍ അന്‍വര്‍ നടത്തുന്ന പ്രസംഗത്തിലെ ഓരോ വാക്കും നിര്‍ണ്ണായകമാകും.

രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് നിലമ്പൂര്‍ എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ സാമൂഹിക സംഘടനയാണ് രൂപീകരിക്കുന്നത്. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ സമ്മേളനം കാണാനെത്തും. സമ്മേളനത്തിനുശേഷം താന്‍ അറസ്റ്റു ചെയ്യപ്പെടാമെന്നും പി.വി.അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ രാവിലെ പറഞ്ഞിരുന്നു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഏതെങ്കിലും നേതാവ് യോഗത്തിന് ഡിഎംകെയില്‍ നിന്ന് എത്തുമോ എന്നതും ശ്രദ്ധേയമാണ്.

കെട്ടിവച്ച കാശ് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കിട്ടാത്ത രീതിയിലേക്ക് പോകുകയാണെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങള്‍ക്കൊപ്പം നിന്നത് എന്തിനാണെന്ന് പിന്നീട് പാര്‍ട്ടിക്ക് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. പാര്‍ട്ടി കണ്ണുരുട്ടി നിര്‍ത്തുന്നവര്‍ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കും. പാര്‍ട്ടി പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. ഓണത്തിന് കസേര കളി നടത്തുന്നതുപോലെ കസേര മാറ്റേണ്ട ആളല്ല എഡിജിപി അജിത്കുമാര്‍. പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്താക്കി സസ്‌പെന്‍ഡ് ചെയ്യണം. അജിത് കുമാര്‍ എന്തിനു തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ച വരുത്തി എന്ന് അന്വേഷിക്കണം. സ്വത്ത് സമ്പാദനവും അന്വേഷിക്കണം. രേഖകള്‍ സഹിതമാണ് അജിത് കുമാറിനെതിരെ പരാതി കൊടുത്തത്. എഡിജിപി ഫ്‌ലാറ്റ് വാങ്ങിയതും കൊടുത്തതും കള്ളപ്പണ ഇടപാടിലൂടെയാണ്. സസ്‌പെന്‍ഡ് ചെയ്യാതെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ജനങ്ങളെ സര്‍ക്കാര്‍ പച്ചയ്ക്ക് പറ്റിക്കുന്നു. എഡിജിപി സര്‍ക്കാരിന്റെ സീമന്തപുത്രനാണെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകള്‍ തന്റെ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തുടരും. അന്‍വറിന്റെ കൂടെ ആളില്ലെന്നത് ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രതികരണമാണ്, അണികളുടേതല്ല. തനിക്കെതിരെ കേസുകള്‍ ഇനിയും വരും. നാളെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാം. നിയമസഭയില്‍ സീറ്റ് മാറ്റിയതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ തന്നെ പൂട്ടിയിരിക്കുകയാണ്. ഭൂമി വിറ്റുപോലും ചെലവ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. സിപിഎമ്മിനുവേണ്ടി നിരവധിപേരെ താന്‍ ശത്രുവാക്കി. നേതാക്കള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ ചവിട്ടി പുറത്താക്കി. പാര്‍ട്ടിയില്‍നിന്ന് ആളുകള്‍ വിളിച്ച് പിന്തുണ നല്‍കുന്നുണ്ട്. സ്വര്‍ണം കടത്തുന്നത് ഒരു സമുദായമാണെന്ന് ജലീല്‍ പ്രസ്താവന നടത്തിയെങ്കില്‍ തെറ്റാണ്. ജലീല്‍ അത്രത്തോളം തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

Tags:    

Similar News