ഇനി ആര്‍ക്കും ഔസ്യത്തിന്റെ കാര്യം പറഞ്ഞ് ബിനോയ് വിശ്വത്തെ കളിയാക്കാന്‍ കഴിയില്ല; കാനത്തിന്റെ പിന്തുടര്‍ച്ചാ നിര്‍ദ്ദേശവുമായി സെക്രട്ടറിയായ നേതാവിനെ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനവും അംഗീകരിക്കുന്നു; തിരുത്തലില്‍ പിടിവാശി ഇല്ലെന്നും സമ്മേളന വേദിയില്‍ പ്രഖ്യാപനം; ഇസ്മായില്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി

Update: 2025-09-12 07:47 GMT

ആലപ്പുഴ: ഇനി ആര്‍ക്കും ഔസ്യത്തിന്റെ കാര്യം പറഞ്ഞ് ബിനോയ് വിശ്വത്തെ കളിയാക്കാന്‍ കഴിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്.

കാനം രാജേന്ദ്രന്റെ മരണ ശേഷമാണ് സിപിഐയെ നയിക്കാന്‍ ബിനോയ് വിശ്വം എത്തുന്നത്. ബിനോയിയെ സെക്രട്ടറിയാക്കണമെന്ന് കാനം നിര്‍ദ്ദേശിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായി. പിന്തുടര്‍ച്ചാ അവകാശത്തിനെതിരെ കെ ഇ ഇസ്മായില്‍ രംഗത്തു വന്നു. ഇനി അത്തരം വിമര്‍ശനങ്ങള്‍ നടക്കില്ല. സിപിഎം സംസ്ഥാന സമ്മേളനം തന്നെ ബിനോയ് വിശ്വത്തെ അംഗീകരിക്കുന്നു. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഏകകണ്ഠമായി ബിനോയിയിലേക്ക് എത്തുകയാണ്. ഇസ്മായില്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടിയാണ് ബിനോയ് വിശ്വത്തിന്റെ സിപിഐ നേതൃത്വം പിടിച്ചെടുക്കല്‍.

തിരുത്തില്‍ പിടിവാശി ഇല്ലെന്നും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയ്യാറെന്നും സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ ബിനോയ് വിശ്വത്തിന്റെ പറയുകയും ചെയ്തു. തൃശ്ശൂര്‍ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഴവുകള്‍ തിരുത്തണം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പക്ഷേ അത് അകത്ത് കയറ്റല്‍ അല്ല. വേദിയില്‍ ഇരിക്കാന്‍ കെ ഇ ഇസ്മയിലിന് യോഗ്യത ഇല്ല. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷേ അവര്‍ ഇവിടെ ഉണ്ട്. കെ ഇ ഇസ്മയില്‍ പക്ഷേ അങ്ങനെ അല്ലെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഇസ്മയിലിനെ നേരില്‍ കണ്ടു, പക്ഷേ ഫലം ഉണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. നിരവധി നേതാക്കള്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇസ്മയില്‍ തെറ്റ് തിരുത്തിയല്‍ വാതില്‍ തുറക്കും. ഇല്ലെങ്കില്‍ ഒരു സന്ധിയില്ല. പാര്‍ട്ടിയ്ക്ക് അകത്തു തുടരണം എങ്കില്‍ പാര്‍ട്ടിയാകണം. പാര്‍ട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുെമെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. ലോക്കപ്പ് മര്‍ദ്ദനം ശക്തമായി എതിര്‍ക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എംആര്‍ അജിത് കുമാറിനെ ഡിജിപി ആക്കുന്നതില്‍ എതിര്‍ക്കേണ്ട സമയത്ത് എതിര്‍പ്പ് ഉയര്‍ത്തുമെന്നും പറഞ്ഞു. അങ്ങനെ തെറ്റു തിരുത്തുമെന്ന് പറഞ്ഞ് ബിനോയ് വിശ്വം സെക്രട്ടറിയാകുകയാണ്.

മുന്‍ എംഎല്‍എയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥന്‍, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനനനം. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 2006-11ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം, ഭവന മന്ത്രിയായിരുന്നു. 2018 ജൂണില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഷൈല പി ജോര്‍ജാണ് ഭാര്യ. മക്കള്‍: രശ്മി ബിനോയ് (മാധ്യമപ്രവര്‍ത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).

Tags:    

Similar News