വയനാട് സന്ദീപ് വാര്യര്‍; ചേലക്കരയില്‍ ബാലകൃഷ്ണന്‍; പാലക്കാട് കൃഷ്ണകുമാറും; ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ല; മുരളീധരനും കൃഷ്ണദാസും ഒരുമിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമവായത്തിലേക്ക്; വയനാടിന് വേണ്ടി അബ്ദുള്ള കുട്ടി ചരടു വലിയില്‍; ബിജെപിയില്‍ തീരുമാനം ഉടന്‍

Update: 2024-10-17 06:51 GMT


കൊച്ചി; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേക്ക്. വയനാട് ലോക്ഭയില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയാകും. വയനാടിന് വേണ്ടി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ള കുട്ടിയും രംഗത്തുണ്ട്. ഇത് സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതമുണ്ടാക്കുന്നു. വയനാട് ലോക്ഭയിലേക്ക് തുടക്കത്തില്‍ ശോഭാ സുരേന്ദ്രനേയും പരിഗണിച്ചിരുന്നു. എന്നാല്‍ ശോഭയെ ഇപ്പോള്‍ പരിഗണിക്കുന്നില്ല. ചേലക്കരയില്‍ ബാലകൃഷ്ണനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. പാലക്കാട് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ പിന്തുണയും കൃഷ്ണകുമാറിനാണ്.

രണ്ട് മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടികയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് അസംബ്ലി മണ്ഡലത്തിലുമാണ് ശോഭയുടെ പേരുകള്‍ പരിഗണിച്ചത്. പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അന്തിമ തീരുമാനം കൃഷ്ണകുമാറിനൊപ്പമായി.

സുരേന്ദ്രനും കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അനുകൂലമാണ്. വയനാട്ടില്‍ സംസ്ഥാന കമ്മിറ്റിയിലെ മറ്റ് പേരുകളായ ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി എന്നിവരും ഉള്‍പ്പെട്ടിരുന്നു. പ്രാദേശിക നേതാക്കളായ ഡോ.ടി.എന്‍. സരസു, ഷാജുമോന്‍ വട്ടേക്കാട്, ബാലകൃഷ്ണന്‍ എന്നിവരെയാണ് ചേലക്കര മണ്ഡലത്തിലേക്ക് പ്രതികരിച്ചത്. ഇതില്‍ സരസുവിന് നറുക്ക് വീഴുമെന്നാണ് സൂചനകള്‍.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച പട്ടികയ്ക്ക് പുറത്തുള്ളവരെ ദേശീയ നേതൃത്വം പരിഗണിക്കുകയാണ് പതിവ്. കൃഷ്ണകുമാറിനെ പാലക്കാട്ടെ സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയിട്ടുണ്ട്. വിജയസാധ്യതയുള്ള ഈ സീറ്റില്‍ പാലക്കാട് നിന്നുള്ള പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ക്കായി പിന്തുണക്കാര്‍ വാദിക്കുന്നുമുണ്ട്. ഇതും കൃഷ്ണകുമാറിന് തുണയായി.

മുരളീധര പക്ഷവും കൃഷ്ണദാസ് വിഭാഗവും കൃഷ്ണകുമാറിനെ പിന്തുണച്ചു. എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിപ്പിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡ് ശോഭയക്കുണ്ടായിരുന്നു. അവസാനം ശോഭയും സമ്മര്‍ദ്ദം കുറച്ചുവെന്നാണ് സൂചന. കുമ്മനം രാജശേഖരനാണ് ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി വാദിച്ച പ്രമുഖന്‍.

ശോഭയും കൃഷ്ണകുമാറും മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ലോക്സഭാ, കേരള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശോഭ പാലക്കാട് നിന്ന് മത്സരിച്ചിട്ടുണ്ട്, കൃഷ്ണകുമാര്‍ പാലക്കാട് സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും മലമ്പുഴയില്‍ നിന്ന് നിയമസഭാ സീറ്റിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News