മൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്‍; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

മൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി

Update: 2024-10-15 12:10 GMT

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍ നടക്കുക. മൂന്നുമണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ ഒരുങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കും. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഓരോ മണ്ഡലത്തിലും 3 പേരുകള്‍ കൊടുത്തിട്ടുണ്ട്. വിജയ സാധ്യത കൂടുതല്‍ ഉള്ളവര്‍ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി തര്‍ക്കം കേരളത്തില്‍ ഇല്ല. പാലക്കാട് വോട്ടു മറിക്കല്‍ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്കയുള്ളത്.സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാര്‍ഥി വരാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് ബിജെപിയുടെ സാധ്യത പട്ടികയില്‍ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുണ്ട്,. വയനാട്ടില്‍ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവരെയും ചേലക്കരയില്‍ പ്രൊഫ. ടി എന്‍ സരസുവും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുക. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News