ഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; 'താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത്' എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'യെന്നും പുതുപ്പള്ളി എംഎല്‍എ
ഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ?
കോട്ടയം: യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പായ എ ഗ്രൂപ്പിനെയും അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനെയും തഴഞ്ഞു എന്ന വികരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കെ സി വേണുഗോപാല്‍ ഗ്രൂപ്പ് മേധാവിത്തം നേടിയപ്പോള്‍ കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനും തഴയപ്പെട്ടു എന്ന വികാരമാണ് ശക്തമായിരിക്കുന്നത്. തന്നെ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ വീണ്ടും തന്റെ അതൃപ്തി പരസ്യമാക്കി പുതുപ്പള്ളി എംഎല്‍എ രംഗത്തുവന്നു.
വിഷയത്തില്‍ തന്റെ ആശങ്കകള്‍ ഉചിതമായ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന സൂചനയും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി തന്റെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുന്ന ചാണ്ടി ഉമ്മന്‍ താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത് അദ്ദേഹം വ്യക്തമാക്കി. താന്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തി എന്ന നിലയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലില്‍ നിന്നും നീക്കിയതില്‍ അതിയായ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ അതിനെ അംഗീകരിക്കുകയാണ് ചെയ്ത്. തന്റെ പ്രതികരണത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണ് ചെയ്തത്.
രാഷ്ട്രീയത്തില്‍ രാജീവ് ഗാന്ധിയും, പിതാവ് ഉമ്മന്‍ ചാണ്ടിയുമാണ് തന്റെ മാതൃക. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളില്‍ താനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ ഉള്ളത് രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പ് മാത്രമാണ്. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് അപ്പുറമാണ് പാര്‍ട്ടിയുടെ താത്പര്യമെന്നാണ് വിശ്വാസം. തന്റെ പിതാവും ഇതേ ചിന്താഗതിക്കാരന്‍ ആയിരുന്നു. അതാണ് താനും പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ തന്റെ പേര് മറ്റ് ചിലര്‍ മുന്നോട്ട് വച്ചിരിക്കാം. അവര്‍ മുന്നോട്ട് വച്ച പേര് നിരസിക്കപ്പെട്ടതായി പരാതിയുണ്ട്. അക്കാര്യം ഉചിതമായ ഇടങ്ങളില്‍ ബോധിപ്പിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തനത്തില്‍ നിന്നും ഒരുഘട്ടത്തിലും വിട്ട് നിന്നിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു. പുതുപ്പള്ളിയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് പക്കലുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതകള്‍ ഉണ്ടായിരുന്നെന്ന ആരോപണങ്ങളും ചാണ്ടി ഉമ്മന്‍ നിഷേധിച്ചു. ഇത്തരം ആരോപണങ്ങള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്.
നേരത്തെ അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ പരസ്യവിമര്‍ശനം ഉന്നയിച്ച പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ചാണ്ടിയെ വിളിച്ച് സംസാരിച്ചതായാണ് സൂചന.
അതേസമയം, തന്റെ അതൃപ്തി ശക്തമാക്കിയ ചാണ്ടി വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തില്‍നിന്ന് ചാണ്ടി വിട്ടുനിന്നു. ഉദ്ഘാടകനായിരുന്നു അദ്ദേഹം. ശനിയാഴ്ചത്തെ പദയാത്രയിലും അദ്ദേഹം പങ്കെടുക്കുമോ എന്നതില്‍ അനിശ്ചിതാവസ്ഥയുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ. ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അദ്ദേഹം വിഷമമറിയിച്ചതായാണ് സൂചന.
പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഏത് ഗ്രൂപ്പുകളില്‍നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ അഭിപ്രായം പാര്‍ട്ടിവിരുദ്ധമായിരുന്നില്ല. തന്നെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം, പാര്‍ട്ടിതീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞശേഷം, പാര്‍ട്ടിനിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കി.
അബിനെ ഒഴിവാക്കിയതില്‍ ഐ ഗ്രൂപ്പിന്റെ അതൃപ്തി നിലനില്‍ക്കേയാണ്, അവര്‍ക്ക് പിന്തുണയുമായി ചാണ്ടിയുടെ വരവ്. ഇതോടെ ഹൈക്കമാന്‍ഡിലെ ചിലര്‍ക്കെതിരേ എ, ഐ ഗ്രൂപ്പുകളുടെ ഐക്യപ്പെടലുമുണ്ടായി. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തരായവരും ഈ കൂട്ടായ്മയിലേക്ക് വന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ. ജെനീഷ് വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോഴാണ് ചാണ്ടിയുടെ പ്രതികരണമുണ്ടായത്. സംഘടനയ്ക്കുവേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും, പുനഃസംഘടനയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നു എന്നുമാണ് ചാണ്ടി പറഞ്ഞത്. തനിക്കും സമാനമായ അനുഭവമുണ്ടായത് ഓര്‍മ്മിപ്പിച്ചു.