എന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ നീക്കം; തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാനു

എന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍

Update: 2025-09-22 09:04 GMT

കോഴിക്കോട്: എന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഹകരിക്കാനുള്ള നീക്കവുമായാണ് ജാനു രംഗത്തെത്തിയത്. ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാനാണ് നീക്കം. ഏതാനും നാളുകള്‍ക്ക് മുമ്പാണ് സി.കെ. ജാനുവിന്റെ നേതൃത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) എന്‍.ഡി.എയില്‍നിന്ന് വിട്ടത്. മുത്തങ്ങയില്‍ ഉള്‍പ്പെടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ചയാകുന്ന ഘട്ടത്തില്‍ കൂടിയാണ് ജാനുവിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

''എന്‍.ഡി.എ വിട്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ജെ.ആര്‍.പിയുമായി സഹകരിക്കാന്‍ താല്‍പര്യപ്പെട്ട് ചെറുതും വലുതുമായ പല പാര്‍ട്ടികളും സമീപിച്ചു. ഭാരതീയ ദ്രാവിഡ ജനതാ പാര്‍ട്ടി ജെ.ആര്‍.പിയില്‍ ലയിച്ചു. മറ്റുപല ചെറിയ ഗ്രൂപ്പുകളും താല്‍പര്യം അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഏതെങ്കലുമൊരു മുന്നണിയുമായി ചേര്‍ന്നു പോകണമെന്നാണ് ജെ.ആര്‍.പി താല്‍പര്യപ്പെടുന്നത്. ഏത് മുന്നണിയെന്ന അന്തിമ തീരുമാനം ഇപ്പോഴായിട്ടില്ല.

മുന്നണികളുടെ ഭാഗമാകാഞ്ഞതിനാല്‍ പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ എവിടെയും സംബോധന ചെയ്യപ്പെടുന്നില്ല. സമരം നടക്കുമ്പോള്‍ വാര്‍ത്തകളില്‍ വരുന്നതു മാത്രമേയുള്ളൂ. അവരുടെ ഉന്നമനത്തിന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായേ മതിയാകൂ. അതിന് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകേണ്ടതുണ്ട്. പട്ടിക വിഭാഗക്കാര്‍ നിയമസഭയില്‍ ഉണ്ടായിട്ടും അവര്‍ ഒരു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയാറാകുന്നില്ല. വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും പോലുള്ള യു.ഡി.എഫ് നേതാക്കളാണ് ചില കാര്യങ്ങള്‍ അല്‍പമെങ്കിലും സംസാരിച്ചിട്ടുള്ളത്'' -സി.കെ. ജാനു പറഞ്ഞു.

സികെ ജാനുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍പിക്ക് യുഡിഎഫിനൊപ്പം ചേരാന്‍ താല്പര്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങള്‍ പറഞ്ഞു. എന്‍ഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സി.കെ ജാനു വ്യക്തമാക്കിയിരുന്നു.

മുന്നണിയില്‍ പരിഗണനയില്ലെന്ന് ആരോപിച്ചായിരുന്നു സികെ ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍പി എന്‍ഡിഎ വിട്ടത്. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു.പാര്‍ട്ടി ശക്തമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയാറെടുപ്പികള്‍ തുടങ്ങുവാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

എന്‍.ഡി.എ യില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു പരിഗണയും കിട്ടിയില്ലെന്ന് കാണിച്ചാണ് പാര്‍ട്ടി മുന്നണി വിട്ടത്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തുനല്‍കി. അമിത് ഷായെ കണ്ടിട്ടും ഒരു കാര്യവുമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലും ചേരാത ഒറ്റക്ക് മത്സരിക്കാനാണ് ജെ.ആര്‍.പിയുടെ തീരുമാനം. കെ. സുരേന്ദ്രന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും, കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും ജാനു പറഞ്ഞു.

''2016 മുതല്‍ ഞങ്ങള്‍ എന്‍.ഡി.എക്കൊപ്പം നില്‍ക്കുന്നതാണ്. ഇടക്കാലത്ത് അല്‍പം മാറിനിന്നെങ്കിലും വീണ്ടും ചര്‍ച്ചയും ഇടപെടലുമായി സജീവമായിരുന്നു. ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതിനല്‍കി സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, കേന്ദ്രത്തിലും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് വായിക്കാനോ പരിഗണിക്കാനോ അവര്‍ തയാറായിട്ടില്ല. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ജെ.ആര്‍.പിയെ കൂടി മുന്നണി പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരാളെപ്പോലും അത്തരത്തില്‍ പരിഗണിച്ചില്ല.

പരസ്പരമുള്ള സഹകരണമാണ് മുന്നണി വ്യവസ്ഥതന്നെ. എന്നാല്‍ അതൊന്നും പരിഗണിക്കാതിരുന്നാല്‍ തുടരാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. എന്‍.ഡി.എ മുന്നണിയില്‍ എന്ന പേരുമാത്രം വെക്കുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്രമായി നില്‍ക്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം എക്‌സിക്യുട്ടീവ് യോഗത്തില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചത്. ആകെ ജനസംഖ്യയില്‍ രണ്ട് ശതമാനം മാത്രമുള്ള ബ്രാഹ്‌മണരെ പരിഗണിക്കുമ്പോഴാണ് പത്ത് ശതമാനം വരുന്ന ആദിവാസികളെ അവഗണിക്കുന്നത്. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തെങ്കിലും നടക്കുമെന്നും പ്രതീക്ഷയില്ല'' -സി.കെ. ജാനു പറഞ്ഞു.

2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍.ഡി.എ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ജാനു മത്സരിച്ചു. പിന്നീട് 2018ല്‍ പാര്‍ട്ടി എന്‍.ഡി.എ വിട്ടു. 2021ല്‍ വീണ്ടും എന്‍.ഡി.എയില്‍ തിരിച്ചെത്തി.

നേരത്തെ മുത്തങ്ങയിലെ പൊലീസ് നടപടി എത്രകാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും സി.കെ. ജാനു പറഞ്ഞിരുന്നു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയില്‍ തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ട്. മുത്തങ്ങയില്‍ സമരം ചെയ്യാന്‍ പോയ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരം. മുത്തങ്ങയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഒരു ഇടപെടല്‍ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്‌ന പരിഹാര ചര്‍ച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ലെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News