ആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി; കഞ്ചിക്കോട് ഇന്‍ഡ് സമ്മിറ്റ് വേദിയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയന്‍; ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത് എന്ന് ചോദ്യം; മാധ്യമങ്ങള്‍ക്കും വിമര്‍ശനം; പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും വി കെ ശ്രീകണ്ഠന്‍ എംപിക്കും അതൃപ്തി

ആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി

Update: 2025-09-08 14:02 GMT

പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം സംഘടിപ്പിച്ച ഇന്‍ഡ് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പരിപാടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതും സദസില്‍ ആളില്ലാത്തതുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'കാണുമ്പോള്‍ കുറച്ചധികം പറയാനുണ്ട്. എന്നാല്‍ താനിപ്പോള്‍ ഒന്നും പറയുന്നില്ല. ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത്?' അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനു മുമ്പും ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം കുറഞ്ഞതിനെത്തുടര്‍ന്ന് സംഘാടകരെ മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടുണ്ട്.

ഇതോടൊപ്പം, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്തിക്കാട്ടാനും വികസന വാര്‍ത്തകളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ട മാധ്യമങ്ങള്‍ അതില്‍ നിന്ന് വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖയിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമര്‍ശനം. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലര്‍ പറയുന്നു. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മാധ്യമങ്ങളുടെ നിലപാടും ചേര്‍ന്നപ്പോള്‍, പരിപാടിയുടെ ഉദ്ദേശ്യശുദ്ധിക്ക് കോട്ടം തട്ടിയെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറമാണ് പാലക്കാട് പുതുശേരിയില്‍ സമ്മിറ്റ് നടത്തിയത്.

അതേസമയം, ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തിയിലാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണന്‍കുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, തന്നെ ക്ഷണിക്കാത്തതില്‍ എം പി വി കെ ശ്രീകണ്ഠനും അതൃപ്തി അറിയിച്ചു.


Tags:    

Similar News