പാതി വില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ? കേസ് അന്വേഷണഘട്ടത്തിലെന്ന് മുഖ്യമന്ത്രി; 48,384 പേര്‍ തട്ടിപ്പിനിരയായതില്‍ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുഖ്യപ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും നിയമസഭയില്‍

പാതി വില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ?

Update: 2025-03-17 04:52 GMT

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ ഇതുവരെ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ഇതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കോഡിനേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ അടക്കം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങള്‍ പുറത്തുവരാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കി. പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കിയില്ല. ഇരകളുടെ താല്‍പര്യത്തിനൊപ്പമാണ് സര്‍ക്കാരെന്നും നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുക തിരിച്ച് നല്‍കുന്ന കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്ന വരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശന്‍ പരിഹസിച്ചു. ജഡ്ജിമാര്‍ പോലും പറ്റിക്കപ്പെടുന്നുവെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി. എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Tags:    

Similar News