സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാര്‍ തുടരും; വിമര്‍ശകരെ വികസനവിരോധികള്‍ ആക്കുന്നത് ഇടതുനിലപാടല്ല; സിപിഐ മന്ത്രിമാര്‍ ഭാവനാസമ്പന്നമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നില്ല; ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം
സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാര്‍ തുടരും
കണ്ണൂര്‍: സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാര്‍ തുടരും. രണ്ടാം തവണയാണ് സി പി സന്തോഷ് കുമാര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ തവണ തലശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി സി പി സന്തഷ് കുമാര്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ അമരക്കാരനായത്. ആദ്യകാല സിപിഐ(എംഎല്‍), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനാണ്.
1976ല്‍ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറി 1979ല്‍ സി പി ഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, വളപട്ടണം എഐടിയുസി ഓഫീസ് സെക്രട്ടറി,എഐവൈഎഫ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി അങ്ങനെ സംഘടനാരംഗത്ത് 9 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായാണ് സി പി ഐയില്‍ സി പി സന്തോഷ് കുമാര്‍ ഉയര്‍ന്നുവന്നത്. പാര്‍ട്ടി കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവും എട്ടു വര്‍ഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറിയാണ്.
13 വര്‍ഷമായി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. തൊഴിലാളി രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന സന്തോഷ് കുമാര്‍ 9 വര്‍ഷം എഐടിയുസിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.എഐടിയുസി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു. ഹാന്‍വീവ് ലേബര്‍ യൂനിയന്‍ (എഐടിയുസി), സംസ്ഥാന ജനറല്‍ സെക്രട്ടറി, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
1997ല്‍ ക്യൂബയില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ എഐവൈഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കണ്ണൂര്‍ ചൊവ്വയിലാണ് താമസം. സി പി ഐ ജില്ലാ എക്‌സിക്യുട്ടീവംഗവും കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എന്‍ ഉഷയാണ് ഭാര്യ.സിഷിന്‍ സന്തോഷ്, സിബിന്‍ സന്തോഷ്(സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍)എന്നിവര്‍ മക്കളാണ്.
സമ്മേളന റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍ക്ക് വിമര്‍ശനം
ഇടതുസര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും രാഷ്ട്രീയ സമീപനവും ഇടതുനയത്തിന് ഒത്തുപോകേണ്ടതാണെങ്കിലും അതിനു വിരുദ്ധസമീപനം ചിലപ്പോഴൊക്കെ സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ഗൗരവത്തോടെ കാണണമെന്നു സിപിഐ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായി. ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സി.പി.സന്തോഷ്‌കുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വിമര്‍ശിക്കുന്നവരോട് സര്‍ഗാത്മകമായി സംവദിക്കാനുള്ള രാഷ്ട്രീയ കടമ നഷ്ടമാകരുത്. വിമര്‍ശകരെയെല്ലാം വലതുപക്ഷ രാഷ്ട്രീയക്കാരെന്നും വികസന വിരോധികളെന്നും ആക്ഷേപിക്കുന്നത് ഇടതുനിലപാടിന് യോജിച്ചതല്ല. സിപിഐ മന്ത്രിമാര്‍ ഭാവനാസമ്പന്നമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ പരാജയപ്പെടുന്നു.
മുന്‍പൊരിക്കലും ഇല്ലാത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉയരുന്നത് അവഗണിക്കരുത്. സിപിഐ മന്ത്രിമാര്‍ എന്ന വേറിട്ടുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞുവരുന്നത് ഗൗരവമായി കാണണം.സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരും ഇടതുനേതൃത്വവും ലളിത ജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സമൂഹത്തിനു മാതൃകയാകണം. വര്‍ഗീയ സംഘടനകള്‍ ഇടതുകേന്ദ്രങ്ങളില്‍പോലും ചിലയിടങ്ങളില്‍ സ്വാധീനം ചെലുത്തുകയും ഭീഷണിയായി മാറുന്നതും ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കണം.
ഇതിനു പരിഹാരവും കാണണം. ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ സിപിഐ നിതാന്ത ജാഗ്രത പുലര്‍ത്തണം. ഇടതുപക്ഷ നയങ്ങളില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ ഇടതു മുന്നണിയെയും സര്‍ക്കാരിനെയും ഇടതുനയത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സിപിഐ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ വിജയിക്കണമെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണം. മാറി നിന്നുള്ള വിമര്‍ശനം പ്രോത്സാഹിപ്പിക്കരുത്.
സിപിഎം ഉള്‍പ്പടെ മറ്റു പാര്‍ട്ടികളില്‍ നിന്നു രാജിവച്ചു പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുകയുണ്ടായി. കായികമായ ആക്രമണങ്ങള്‍ വലിയ തോതില്‍ എവിടെയും ഉണ്ടായില്ല. എന്നാല്‍ പാര്‍ട്ടി പതാക, പ്രചാരണ സാമഗ്രി എന്നിവ നശിപ്പിക്കുക എന്നതു ചില കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങളും ഉണ്ടായിട്ടില്ല. മാനസികമായി തകര്‍ക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണു പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കട്ടപിടിച്ച രാഷ്ട്രീയവും സിപിഎമ്മിന്റെ മര്‍ക്കടമുഷ്ടിയും പഴയതു പോലെ ഇപ്പോള്‍ തുടരുന്നില്ല. സിപിഐയ്ക്കുള്ള സ്വീകാര്യത ഉപയോഗപ്പെടുത്താന്‍ ശക്തമായി ഇടപെട്ടാല്‍ ധാരാളം സാധ്യതകളുണ്ട്.
ഇടതുപക്ഷത്തിനു രാഷ്ട്രീയ വോട്ടിനപ്പുറത്ത് സ്വാധീനം കുറയുന്നതിനെയും ഗൗരവമായി കാണണം. പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഴത്തിലും ഗൗരവത്തിലും പരിശോധിക്കപ്പെടണമെന്നൂം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.