എം വി ജയരാജന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പി. ശശിയും കെ. കെ രാഗേഷും; അതി വിശ്വസ്തന്‍ ശശിയെ സ്ഥാനത്തെത്തിക്കാന്‍ പിണറായിക്ക് താല്‍പ്പര്യം; മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായ പി ജയരാജന് വീണ്ടുമൊരു ഊഴം മോഹിച്ച് അണികള്‍; വഴി മുടക്കാന്‍ എതിര്‍ചേരിയും

എം വി ജയരാജന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പി. ശശിയും കെ. കെ രാഗേഷും

Update: 2025-03-11 15:46 GMT

കണ്ണൂര്‍: എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ഉയരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോകുമെന്ന സൂചന കഴിഞ്ഞ തളിപറമ്പ് സമ്മേളത്തില്‍ തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു തന്നെ പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയാരെന്ന ചര്‍ച്ചയും തുടങ്ങിയത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നാലുപേരാണ് പാര്‍ട്ടിയുടെ പരിഗണനയിലുളളത്. കല്യാശേരി മുന്‍ എം. എല്‍. എ ടി.വി രാജേഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍. ചന്ദ്രന്‍, എം. പ്രകാശന്‍ എന്നിവരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ശശിയും പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ്. നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ് പി.ശശി. ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ശശിയുടെ പേരുയര്‍ന്നിരുന്നുവെങ്കിലും അവസാനനിമിഷം ലിസ്റ്റില്‍ ഇടം പിടിച്ചില്ല. മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരിലൊരാളായ പി.ശശി കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കണമെന്ന് പിണറായി വിജയന് താല്‍പര്യമുണ്ട്. എന്നാല്‍ മുന്‍ എം. എല്‍. എയായ ടി.വി രാജേഷിന്റെ പേരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.വി ജയരാജന്‍ മത്സരിച്ചപ്പോള്‍ ആക്ടിങ് സെക്രട്ടറിയുടെ ചുമതല ടി.വി രാജേഷിനായിരുന്നു. പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് യുവനേതാക്കളെ പരിഗണിച്ചാല്‍ നറുക്ക് വീഴുക ടി.വി രാജേഷിനു തന്നെയായിരിക്കുമെന്നാണ് പാര്‍ട്ടിക്കുളളിലെ ചര്‍ച്ചകള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എം.വി ജയരാജന്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ ടി.വി രാജേഷിനെ പിന്‍തുണയ്ക്കുന്നവരാണ്.

അതേസമയം പി ജയരാജന്റെ അനുകൂലികളെ അനുനനയിപ്പിക്കാനുള്ള നീക്കമായി ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് നല്കുമോ എന്ന സാധ്യതയും ഒരു വശത്തു നിലനില്‍ക്കുന്നു. അത്തരം സാധ്യതകള്‍ ഇല്ലാതാക്കാന്‍ പി ജെയുടെ എതിര്‍വിഭാഗം ശ്രമം ശക്തമാക്കുന്നുണ്ട്. പി. ജയരാജനെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമായത് കണ്ണൂര്‍ ജില്ലാ കമ്മറ്റി, സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തെന്ന് സൂചനയും ശക്തമാണ്.

ജയരാജന് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ണൂര്‍ സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം മനു തോമസിന്റെ ആരോപണത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ നേതൃത്വം കത്തുനല്‍കിയത്. അതേസമയം, പി. ജയരാജന് പിന്തുണയറിയിച്ചുള്ള പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കണ്ണൂരില്‍ വലിയ ജനസ്വാധീനമുള്ള നേതാവായാണ് ജയരാജന്‍ പരിഗണിക്കപ്പെടുന്നത്. അദ്ദേഹം ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നത് താഴേത്തട്ടിലുള്ള അണികള്‍ക്കിടയില്‍ അമര്‍ഷമായി മാറുന്നുണ്ട്. കഴിഞ്ഞ തവണയും ജയരാജന്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്ന സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ സമ്മേളനം നടക്കുന്ന സമയത്തുതന്നെ ജയരാജന്‍, സെക്രട്ടേറിയറ്റിലേക്ക് എത്തിപ്പെടില്ല എന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നുതന്നെ ഉണ്ടായിരുന്നു. കാരണം, മനു തോമസ് പാര്‍ട്ടി വിടുന്ന സമയത്ത് ജയരാജനെതിരേ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ജയരാജന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ഇതിന് മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, പി. ജയരാജന്‍ വിഷയത്തില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരണം നടത്തി. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലാകുന്ന നിലയുണ്ടായെന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നുവരികയും ജയരാജനെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ മറുപടി പറയുമ്പോഴാണ് ജയരാജനെതിരായ ഒരു കത്ത് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. പി. ജയരാജന് സെക്രട്ടേറിയറ്റിലേക്ക് അവസരമുണ്ടാകില്ലെന്ന് അപ്പോള്‍തന്നെ വ്യക്തമായിരുന്നു.

ജയരാജന് 72 വയസ്സാണ് ഇപ്പോള്‍ പ്രായം. മൂന്നുവര്‍ഷം കഴിഞ്ഞ് അടുത്ത സമ്മേളനം നടക്കുമ്പോള്‍ 75 വയസ്സിലേക്ക് കടക്കും. പ്രായപരിധിയുള്ളതിനാല്‍ സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താനും സാധ്യതയില്ല. പി. ജയരാജനെക്കാള്‍ ജൂനിയറായ എം.വി. ജയരാജന്‍ സെക്രട്ടേറിയറ്റിലെത്തിക്കഴിഞ്ഞു. മാത്രമല്ല, എം. സ്വരാജും മുഹമ്മദ് റിയാസും ഉള്‍പ്പെടെയുള്ള യുവനേതാക്കന്മാരും ഇതിനകം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി കഴിഞ്ഞു. അപ്പോഴും പി. ജയരാജനെ പോലൊരു മുതിര്‍ന്ന നേതാവ് തഴയപ്പെടുന്നു എന്നതാണ് അണികള്‍ക്കിടയില്‍ ഉയരുന്ന ചിന്ത.

Tags:    

Similar News