അജിത്കുമാറിനെ മാറ്റാന്‍ അന്‍വര്‍ സമ്മര്‍ദ്ദം കൂട്ടുന്നു; മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി; ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയില്‍
അജിത് കുമാറിനെ മാറ്റി നിര്‍ത്തിയാലും ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്ന് അന്‍വര്‍
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരെ നടപടിക്ക് സമ്മര്‍ദ്ദമേറുന്നതിനിടെ, ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബുമായി മുഖ്യമന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയതുമായി ബന്ധപ്പെട്ട വിവാദമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്.
ഡിജിപിയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ വര്‍ഷം എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് 10 ദിവസത്തിനിടയില്‍ രണ്ട് തവണയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
അജിത് കുമാര്‍ സംഘ്പരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതികളിലും ഉന്നയിച്ച ആരോപണങ്ങളിലും നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുംമുന്‍പേ ഈ അന്വേഷണം പൂര്‍ത്തിയാക്കണം. അതും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
അതേസമയം, ഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദുരൂഹതയേറുകയാണ്. എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.
അതിനിടെ, മുഖ്യമന്ത്രിയ്ക്ക് എഡിജിപി എംആര്‍ അജിത് കുമാര്‍ വീണ്ടും കത്തയച്ചു. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുണ്ടായശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ അയക്കുന്ന രണ്ടാമത്തേ കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു.
അജിത് കുമാറിനെ മാറ്റണമെന്ന് പി വി അന്‍വര്‍
എഡിജിപി അജിത്കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അജിത് കുമാര്‍ ചുമതലയില്‍ നിന്ന് തെറിക്കുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരെന്നും അജിത്കുമാറിന്റെ ഇനിയുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയമായ അട്ടിമറിക്കും ഇവര്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. കേരളം സത്യം അറിയാന്‍ കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ട് അതിന്റെ വക്കും മൂലയുമേ കിട്ടിയിട്ടുള്ളൂ. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയക്കേസുകള്‍ അല്ലെങ്കില്‍ ഒരു സര്‍ക്കാരിനെ ഒരു മുന്നണിയെ ഒരു പാര്‍ട്ടിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള കേസുകള്‍. സത്യവിരുദ്ധമായി ചില കേസുകള്‍ ക്ലോസ് ചെയ്തു. അതിന്റെ പേരിലേക്ക് കടക്കുന്നില്ല. ഇനിയും അജിത് കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുമ്പോള്‍ അജിത് കുമാറിന്റെ സാന്നിധ്യം അവരുടെ ആത്മവിശ്വാസത്തിന് കുറവു വരുത്തുമെന്നാണ് താന്‍ കരുതുന്നത്, അന്‍വര്‍ പറഞ്ഞു.
ഐ.ജിക്ക് താന്‍ കൊടുത്ത മൊഴിയില്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് പുറമേ ചില കാര്യങ്ങള്‍ കൂടി പറഞ്ഞിട്ടുണ്ട്. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്നൊരു ഉദ്യോഗസ്ഥനെ കുറിച്ചുള്ള ചില സംശയങ്ങളായിരുന്നു പറഞ്ഞിരുന്നത്. അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. മോഹന്‍ദാസിനെ ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മോഹന്‍ദാസ് അഞ്ചുകൊല്ലമാണ് മലപ്പുറം വിജിലന്‍സ് യൂണിറ്റിലുണ്ടായിരുന്നത്. ശേഷം മലപ്പുറം ജില്ലാ പോലീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി. മലപ്പുറം ജില്ലാ പോലീസിലുണ്ടായിരുന്ന മോഹന്‍ദാസിനെ ഒരു ഉത്തരവുമില്ലാതെ എസ്. സുജിത് ദാസ് വിജിലന്‍സില്‍ നിലനിര്‍ത്തിക്കൊണ്ട് മൂന്നിലധികം വര്‍ഷം സൈബര്‍ ഇന്റര്‍സെപ്ഷന്‍ നടത്തി. മോഹന്‍ദാസിന്റെ ജോലി ജില്ലാ പോലീസിലാണ്. വിജിലന്‍സിന്റെ ഒരു ഓര്‍ഡര്‍ പോലും ഇല്ലാതെയാണ് ഈ ജോലി ചെയ്യിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു.