'ദേശീയഗാനം മുഴങ്ങേണ്ട വേദിയില്‍ ഗണഗീതം; വന്ദേഭാരതില്‍ കണ്ടത് കുട്ടികളുടെ തലച്ചോറില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്ന ആര്‍.എസ്.എസിനെ'; പ്രതിഷേധം ഉയരണം; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍
'ദേശീയഗാനം മുഴങ്ങേണ്ട വേദിയില്‍ ഗണഗീതം
കോഴിക്കോട്: എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി രംഗത്ത്. പൊതുസംവിധാനത്തെയാകെ കാവി വല്‍കരിക്കാനുള്ള ശ്രമമാണിതെന്നും, കുട്ടികളുടെ തലച്ചോറില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്ന ആര്‍.എസ്.എസിനെയാണ് വന്ദേഭാരതിലെ ഗണഗീതത്തിലൂടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലെ കുറിപ്പിലൂടെയാണ് കെ.സി വേണുഗോപാലിന്റൈ പ്രതിഷേധം.
ദേശീയ ഗാനം ഉയരേണ്ട വേദിയിലാണ് ആര്‍.എസ്.എസിന്റെ ഗാനം കേല്‍പിച്ചത്. അതിനായി, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ആര്‍.എസ്.എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറസന്‍സിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം ആരംഭിച്ച കന്നിയാത്രയിലായിരുന്നു സ്‌കൂള്‍ യൂണിഫോം അണിഞ്ഞ വിദ്യാര്‍ഥിനികളും രണ്ട് അധ്യാപികമാരും ചേര്‍ന്ന് ട്രെയിനിനുള്ളില്‍ ഗണഗീതം പാടിയത്.
വീഡിയോ ദക്ഷിണ റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിവാദത്തിനും തിരികൊളുത്തി. മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും, രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തതിനു പിന്നാലെ ദക്ഷിണ റെയില്‍വേ വീഡിയോ പിന്‍വലിച്ചിരുന്നു.
കെ.സി വേണുഗോപാലിന്റെ ഫേസ് ബുക് പോസ്റ്റ്:
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാര്‍, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇവിടെ റെയില്‍വേ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആര്‍എസ്എസിന്റെ നുകത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ആര്‍എസ്എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു.
കപട ദേശീയതയുടെ വക്താക്കളായ ആര്‍എസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും നമ്മുടെ ദേശീയ സങ്കല്‍പ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോല്‍പ്പിക്കും.
