കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമം ഉണ്ടായിട്ടില്ല; എല്ലാവരും നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്; തരൂരിന് നല്ലത് ദേശീയ രാഷ്ട്രീയമാണ്, ഇവിടെ ഞങ്ങളൊക്കെ പോരെയെന്ന് കെ.മുരളീധരന്‍

കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമം ഉണ്ടായിട്ടില്ല

Update: 2025-02-23 10:59 GMT

തിരുവനന്തപുരം: ശശി തരൂരിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ പണിയെടുത്തതെന്നും മറക്കരുതെന്നാണ് കെ.മുരളീധരന്റെ പ്രതികരണം. എല്ലാ തെരഞ്ഞെടുപ്പിനും എല്ലാവരും ജയിക്കുന്നത് പാര്‍ട്ടി വോട്ടുകള്‍ക്ക് അതീതമായ വോട്ടുകള്‍ കൊണ്ടാണ്. ആ വോട്ടുകള്‍ സമാഹരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തരാണ്. അവര്‍ പണിയെടുക്കുമ്പോഴാണ് വിജയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നേതൃക്ഷാമമുണ്ടെന്ന തരൂരിന്റെ പരാമര്‍ശവും അദ്ദേഹം തള്ളി. കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമമുണ്ടായിട്ടില്ല. എല്ലാവരും നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ പാര്‍ട്ടികതീതമായ സ്വാധീമാണ് തിരുവനന്തപുരം നഷ്ടപ്പെടാതിരിക്കാന്‍ കാരണമെന്ന വാദത്തെയും അദ്ദേഹം തള്ളി. തരൂര്‍ കോണ്‍ഗ്രസായത് കൊണ്ടാണ് ജയിച്ചത്. 84ലും 89ലും 91ലും തിരുവനന്തപുരത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ചത് എ.ചാള്‍സാണ്. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ജയിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.

അതേസമയം, ആരും പാര്‍ട്ടി വിട്ടുപോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും തരൂരിന്റെ മനസിലെന്താണെന്ന് അറിയില്ല. അത് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാവണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണ്. അന്താരാഷ്ട്ര വിഷയങ്ങള്‍ നല്ല അറിവുള്ളയാണ്. അത്തരം ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ലമന്റെില്‍ മറ്റുള്ളവരേക്കാള്‍ നമ്മായി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ മികവ് പുലര്‍ത്താനകുക ദേശീയ രാഷ്ട്രീയത്തിലാണ്. ഇവിടെ ഞങ്ങളെ പോലുള്ള സാധാരണക്കാരൊക്കെ പോരെയെന്നും മുരളീധരന്‍ ചോദിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസനത്തെ പുകഴ്ത്തി ലേഖന എഴുതിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എം.പി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ്. സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരം മണ്ഡലത്തില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ താന്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇത് പാര്‍ട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് കാരണമാകുന്നുവെന്നും അത്തരമൊന്നാണ് പാര്‍ട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ട്. ഇത് ഉറപ്പാ?ക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് പ്രവര്‍ത്തകര്‍ കരുതുന്നതായും ശശി തരൂര്‍ പറഞ്ഞു.

പല സ്വതന്ത്ര ഏജന്‍സികളും താനാണ് നേതാവാകാന്‍ യോഗ്യനെന്ന് പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ തനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കരുത്. പുസ്തകമെഴുത്, പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

?നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറ്. എനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയും. കേരളത്തിലെ ഭൂരിപക്ഷം ആളുകളും രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകളല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും അവര്‍ പറയുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Tags:    

Similar News