ശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല; കോണ്‍ഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും; എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് അറിയില്ല: വിമര്‍ശിച്ച് കെ മുരളീധരന്‍

ശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല

Update: 2025-09-25 09:37 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സി.പി.എമ്മിന്റെ പ്രവര്‍ത്തികളെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് സര്‍ക്കാര്‍ പിന്നീട് നീക്കമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഇത് ഗുഡ് സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യതയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എടുത്ത നിലപാട് തെറ്റാണെന്ന് സര്‍ക്കാറോ സി.പി.എമ്മോ ഇതുവരെ പറഞ്ഞിട്ടില്ല. അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമെന്തായിരുന്നു. എന്താണ് സംഗമത്തിന്റെ റിസല്‍റ്റ് ശബരിമല വികസനത്തിന് തടസമായിരുന്ന ഏതെങ്കിലും ഘടകങ്ങള്‍ ചര്‍ച്ചയിലൂടെ നീക്കാന്‍ സാധിച്ചിട്ടുണ്ടോ 4,000 പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞ സമ്മേളനത്തില്‍ എത്തിയത് 630 ആളുകള്‍ മാത്രമാണ്. ആ സംഗമം പരാജയമായിരുന്നുവെന്ന് ഉറപ്പിച്ചുപറയുമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല. ഒമ്പത് വര്‍ഷം കേരളത്തിലും 11 വര്‍ഷം കേന്ദ്രത്തിലും പാര്‍ട്ടി അധികാരത്തിലില്ല. പിന്നെ എന്ത് വിശ്വാസവഞ്ചന കാണിക്കാനാണെന്നും മുരളീധരന്‍ ചോദിച്ചു. ശബരിമലയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്. അന്ന് വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ മൂന്ന് ജാഥകളില്‍ ഒന്ന് നയിച്ച ആള്‍ താനാണ്. അന്ന് തങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍, എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് മനസിലാവുന്നില്ല. അന്നെടുത്ത നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ് ഇന്നും നില്‍ക്കുന്നത്. ആ നയത്തിന്റെ വരുംവരായ്കകള്‍ എന്തായാലും ശരി ഉറച്ച് മുന്നോട്ടുപോവും.

ഒരു സമുദായ സംഘടനക്ക് സ്വന്തം താത്പര്യമനുസരിച്ച് തീരുമാനമെടുക്കാം. അതിനെ വിമര്‍ശിക്കാനോ എതിര്‍ക്കാനോ ഇല്ല. പക്ഷേ, കോണ്‍ഗ്രസിന്റെ നയത്തില്‍ മാറ്റം വരുത്തില്ല. ഏതെങ്കിലും സമുദായങ്ങങ്ങള്‍ക്ക് പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കാനും തയ്യാറാണ്. എന്നാല്‍, ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസിന്റെ നയം ശരിയോ തെറ്റോ എന്ന് ജനം തീരുമാനിക്കട്ടെ. മുന്നോക്ക വിഭാഗകോര്‍പറേഷന്‍ രൂപീകരിച്ചതും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.

ഏതുമതത്തിന്റെയാണെങ്കിലും വിശ്വാസികളോടൊപ്പം നിലനില്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ബദല്‍ സംഗമത്തില്‍ ഉയര്‍ന്ന ചില പരാമര്‍ശങ്ങള്‍ ശബരിമലയുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അതില്‍ വാവരെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു. 'വാവര്‍ നാട്ടിലേക്ക് വന്നത് കൊള്ള ചെയ്യാന്‍ തന്നെയാണ്. പക്ഷേ, അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി തന്റെ സുഹൃത്താക്കുകയായിരുന്നു അയ്യപ്പന്‍. അതാണല്ലോ അയ്യപ്പന്‍ പാട്ടില്‍ പറയുന്നത്. അതാണല്ലോ വാവര്‍ പള്ളിയില്‍ നിന്ന് മകരവിളക്കിന് മുമ്പ് മലക്ക് പുറപ്പെടുന്ന സംഘത്തിനൊപ്പം വാവര്‍ പോവുന്നുവെന്നാണ് സങ്കല്‍പ്പം. ഇതെല്ലാം വിശ്വാസത്തില്‍ പറയുന്ന കാര്യങ്ങളാണ്,'- മുരളീധരന്‍ പറഞ്ഞു.

ഹൈന്ദവ വിശ്വാസപ്രകാരം പ്രതിഷ്ഠ നടത്തിയതാണെങ്കിലും ശബരിമല എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ക്ഷേത്രമാണ്. അയ്യപ്പനും വാവരും തമ്മിലുള്ള പ്രസിദ്ധമായ ബന്ധം ചില ആസാമിമാര്‍ വിചാരിച്ചാല്‍ ഇല്ലാതാവില്ല. അയ്യപ്പനെയും വാവരെയും അകറ്റാനാണ് നീക്കം നടക്കുന്നത്, അതാണ് ബദല്‍ സംഗമം. ഇതിന് വഴിയൊരുക്കിയത് സര്‍ക്കാറിന്റെ സംഗമമല്ലേ ആ സംഗമമത്തിന് എന്ത് റിസല്‍റ്റ് ഉണ്ടായി.പിന്നെന്തിനാണ് കോണ്‍ഗ്രസ് അതില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News