'അയ്യോ ചാനല്‍ ബോയ്‌സ്.. എസ്‌കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്‌സെടുത്തു എസ്‌കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്‍
'അയ്യോ ചാനല്‍ ബോയ്‌സ്.. എസ്‌കേപ്പ്...!
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ ഭാഷയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്ന ദിവസമാണ് ഇന്ന്. പ്രതിപക്ഷ നേതാവ് സമുദായ നേതാക്കളുടെ തിണ്ണ നിറങ്ങിയ ശേഷം തള്ളിപ്പറയുന്നത് പതിവാണെന്ന് പറഞ്ഞ് സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ജി സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. ഈ വിമര്‍ശനത്തിന് സതീശന്‍ മറുപടി നല്‍കിയെങ്കിലും അദ്ദേഹത്തെ പിന്തുണച്ച് നേതാക്കള്‍ രംഗത്തുവന്നില്ല എന്നതും ശ്രദ്ധേയമായി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സതീശനെ പിന്തുണക്കാന്‍ തയ്യാറായില്ല.
എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിര്‍ത്തി പോകുമെന്നും അദേഹം വ്യക്തമാക്കി. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് അത് വിവാദമാക്കിയത്, അതിനെയാണ് എതിര്‍ക്കേണ്ടതെന്ന് അദേഹം പറഞ്ഞു.
അതേസമയം, പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് കൊടിക്കുന്നില്‍ സുരേഷ് എത്തിയതും വിവാദമായി. എന്‍എസ്എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എന്‍എസ്എസ് ആസ്ഥാനത്തെത്തുകയായിരുന്നു. ആദ്യം പെരുന്നയിലെ ആസ്ഥാനത്തേക്ക് വണ്ടി തിരിച്ച് എത്തിയ കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളെ കണ്ടതോടെ കാര്‍ റിവേഴ്‌സ് എടുത്ത് മടങ്ങിപ്പോയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് കാറില്‍ നിന്ന് ഇറങ്ങിയിരുന്നില്ല.
ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എന്‍എസ്എസ് ആസ്ഥാനത്ത് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്ത് വരുമ്പോള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്. നേരത്തെ മാധ്യമങ്ങളെ കണ്ടതോടെയാണ് മടങ്ങിയതെന്നും നിലവിലെ സാഹചര്യത്തില്‍ താന്‍ എന്ത് പറഞ്ഞാലും അത് മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരെ കണ്ടശേഷമാണ് കൊടിക്കുന്നില്‍ സുരേഷ് മടങ്ങിയത്.
എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുടുംബ വീടുപോലെയാണെന്നും രാഷ്ട്രീയ പ്രതികരണം ഇവിടെ വെച്ച് നടത്തുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അല്ല എത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെയടക്കം ജി സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
ഐക്യത്തോടെ നീങ്ങാന്‍ എന്‍എസ് എസും എസ്എന്‍ഡിപിയും ധാരണയിലെത്തിയ ദിവസം തന്നെയാണ് കൊടിക്കുന്നിലിന്റെ സന്ദര്‍ശനം. ഇന്ന് വെള്ളാപ്പള്ളി നടേശനും ക്ഷണം സ്വീകരിച്ച ജി സുകുമാരന്‍ നായരും പ്രതിപക്ഷനേതാവിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. വിഡി സതീശന്‍ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സാമുദായികനേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശന്‍ സിനഡില്‍ പോയി കാലുപിടിച്ചെന്നാണ് ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയത്. വര്‍ഗ്ഗീയതക്കെതിരെ പോരാടി തോറ്റ് മരിച്ചാലും വീരാളിപ്പട്ട് പുതച്ചുകിടക്കുമെന്നായിരുന്നു സതീശന്റെ മറുപടി.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഒരു മാധ്യമം പറഞ്ഞു, രമേശ് ചെന്നിത്തല ആണ് ഇതിന്റെ പിന്നിലെന്ന്. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരമാണ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല. അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോള്‍ തിരിച്ചടിയാകും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നയപരമായ വിഷയങ്ങള്‍ അഭിമുഖീകരിക്കാന്‍ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലെ ശത്രുക്കളെ ഉണ്ടാക്കുന്നത്. ഇവിടെ വന്ന് വോട്ട് ചോദിച്ചശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാന്‍ സതീശന് യോഗ്യതയില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്ത് കിട്ടാനാ. അവരാരും യോഗ്യരല്ല. വരാന്‍ പോകുന്നത് കണ്ടോ. - സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ്, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണ് കയ്യിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ്സുമായി ഐക്യം വേണമെന്നും നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ ഇല്ലെന്നും നേരത്തേ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ജി. സുകുമാരന്‍ നായര്‍ക്ക് അസുഖമായിരുന്നപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും പഴയ രീതിയിലുള്ള ഒരു അകല്‍ച്ച ഇപ്പോള്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ചുനില്‍ക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
