കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
പത്തനംതിട്ട: തിരുവല്ല നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയില്‍. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവായ അഡ്വ. വര്‍ഗീസ് മാമന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇതിന് കാരണം. മുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിയുമായി മുമ്പോട്ട് വന്നിട്ടുണ്ട്. 2006 മുതല്‍ തുടര്‍ച്ചയായി നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് തിരുവല്ലയില്‍ പരാജയപ്പെട്ടിരുന്നു. 2006, 2011, 2016 വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗവും, 2021-ല്‍ പിളര്‍പ്പിനെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പുമാണ് ഇവിടെ മത്സരിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മികച്ച ഭൂരിപക്ഷം നേടിയിരുന്നു.
തിരുവല്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടെന്നും, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കെപിസിസി നേതൃത്വത്തിന് പരാതിയും നല്‍കി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജക മണ്ഡലത്തിലെ പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസ് പ്രതിനിധികളാണ് പ്രസിഡന്റുമാരായത്. കൂടാതെ തിരുവല്ല മുനിസിപ്പാലിറ്റിയും യു.ഡി.എഫ് നിലനിര്‍ത്തി. ഈ സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണഅ ആവശ്യം.
കെപിസിസിയ്ക്ക് പ്രാദേശിക നേതാക്കള്‍ തിരുവല്ലയില്‍ നിന്നും നല്‍കിയ പരാതിയിലെ പരാമര്‍ശം ചുവടെ
കേരള കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍, മാത്യു ടി. തോമസിനെപ്പോലെയുള്ള ഒരു കരുത്തനായ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ കോണ്‍ഗ്രസ് പ്രതിനിധി തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 20 വര്‍ഷമായി എം.എല്‍.എ ഇല്ലാത്തത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. 2006 മുതല്‍ നടന്ന നാല് അസംബ്ലി തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് തുടര്‍ച്ചയായി പരാജയപ്പെട്ടു. 2006, 2011, 2016 വര്‍ഷങ്ങളില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും, 2021-ല്‍ ജോസഫ് ഗ്രൂപ്പുമാണ് ഇവിടെ മത്സരിച്ചത്.
പരാജയപ്പെട്ട വോട്ടുകളുടെ കണക്ക് ഇപ്രകാരമാണ്:
2006: 8,922 വോട്ടുകള്‍
2011: 10,767 വോട്ടുകള്‍
2016: 8,262 വോട്ടുകള്‍
2021: 11,421 വോട്ടുകള്‍
അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചു.
2009: 15,489 വോട്ടുകള്‍
2014: 13,281 വോട്ടുകള്‍
2019: 3,739 വോട്ടുകള്‍
2024: 11,530 വോട്ടുകള്‍
ഇത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ട് അസംബ്ലി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നില്ല എന്നതാണ്. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം തിരുവല്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ് വിജയിച്ച 13 ഗ്രാമപഞ്ചായത്തുകളില്‍ ആറും, ആകെയുള്ള ഒരു മുനിസിപ്പാലിറ്റിയും (തിരുവല്ല) തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു. പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകളിലും 6 ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രസിഡന്റുമാരായി. കൂടാതെ 4 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ മൂന്ന് പേരും കോണ്‍ഗ്രസ് പ്രതിനിധികളാണ്. മണ്ഡലത്തില്‍ ആകെ 87 ജനപ്രതിനിധികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്.
കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നുവെന്നും ആരോപണമുണ്ട്. കവിയൂര്‍, നെടുമ്പ്രം, പുറമറ്റം ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. മണ്ഡലത്തിലെ 239 ബൂത്തുകളില്‍ നാമമാത്രമായ ഇടങ്ങളില്‍ മാത്രമേ കേരള കോണ്‍ഗ്രസിന് പ്രവര്‍ത്തകരുള്ളൂ. നേതാക്കള്‍ തമ്മിലുള്ള കിടമത്സരവും പരാജയത്തിന് കാരണമായിത്തീരുന്നുവെന്നാണ് കോണ്‍ഗ്രസുകാരുടെ പരാതി.
