തരൂരിന്റെ ലേഖനത്തിലെ വസ്തുതയെ പരിഹസിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ആക്രമിക്കുന്നത് എഴുതിയ ആളെ; വ്യവസായ രംഗത്തെ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണെന്ന് എം വി ഗോവിന്ദന്‍

തരൂരിന്റെ ലേഖനത്തിലെ വസ്തുതയെ പരിഹസിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു;

Update: 2025-02-17 07:32 GMT

തിരുവനന്തപുരം: ഡോ. ശശി തരൂര്‍ എപിയുടെ വിവാദ ലേഖനത്തില്‍ പറയുന്ന വസ്തുതയെ പരിഹസിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍. ശരിയായ കാര്യം അവതരിപ്പിച്ചതാണ് തരൂര്‍ ചെയ്ത പാതകമെന്നും അദ്ദേഹം പറഞ്ഞു. ലേഖനത്തിന്റെ ഉള്ളടക്കത്തെ അല്ല, എഴുതിയ ആളെയാണ് കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നത്.തരൂരിന്റേത് ശരിയായ ദിശാബോധത്തോടെയുള്ള വിശദീകരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തരൂരിനെ പിന്തുണച്ച് നേരത്തേയും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു. ശശി തരൂര്‍ ലേഖനം ചില പത്രങ്ങള്‍ തമസ്‌ക്കരിച്ചു. ഉള്ള വസ്തുതകള്‍ തുറന്നുകാണിക്കാന്‍ തരൂരിന് സാധിച്ചു. വ്യവസായ രംഗത്തെ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് തരൂര്‍ പറഞ്ഞു വെച്ചത്. ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും മഴവില്‍ സഖ്യത്തിന്റേയും ധാരണയാണ് തരൂര്‍ മാറ്റിയത്. പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിനു മുന്നില്‍ തരൂര്‍ അവതരിപ്പിച്ചു. വസ്തുതാപരമായി പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയാത്ത ആളുകളാണ് യുഡിഎഫിന്റെ ഭാഗമായുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഞങ്ങളാര് പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ല. രാഷ്ട്രീയമായി പറയുന്നതാണെന്ന് കരുതും. എന്നാല്‍ തരൂരിന് ഗഹനമായി പറയാനുള്ള കഴിവും ശേഷിയുമുണ്ട്. ഒരുമിച്ച് സമരം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തയ്യാറാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. യുഡിഎഫുമായി ചേര്‍ന്ന് സമരം ചെയ്യാനും തയ്യാറാണ്. യുഡിഎഫ് എല്‍ഡിഎഫ് എന്ന് നല്‍കേണ്ടതില്ല. കേന്ദ്രത്തിനെതിരെ മുഴുവന്‍ വിഭാഗങ്ങളെയും ചേര്‍ത്തുള്ള സമരമാണ് വേണ്ടത്. എന്ത് ചെയ്താലും കേരളത്തിലുള്ളവര്‍ സഹിക്കുമെന്ന് പറയുന്നത് ശരിയായ സന്ദേശം അല്ലല്ലോ നല്‍കുന്നതെന്നും എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം വ്യാവസായിക മേഖലയില്‍ വളരുന്നുവെന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. 'ചെയ്ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന തരൂരിന്റെ ലേഖനമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളില്‍ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ഭരണതലത്തില്‍ പരിപൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിന്റെ സുദീര്‍ഘ ലേഖനം. തരൂരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂര്‍ ഇത് പറയുന്നതെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Tags:    

Similar News