തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധം

മുസ്ലീം ലീഗില്‍ മൂന്നുടേം വ്യവസ്ഥയില്‍ ഇളവ്

Update: 2025-10-22 10:52 GMT

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായിരുന്ന 'മൂന്നു ടേം' വ്യവസ്ഥയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. വിജയസാധ്യതക്കണ് പ്രാധാന്യം നല്‍കേണ്ടത്. മൂന്നുടേം വ്യവസ്ഥയുടെ പേരില്‍, സീറ്റുകള്‍ നിഷേധിക്കരുതെന്നും, ബന്ധപ്പെട്ട കമ്മിറ്റികളുടെ ഐകകണ്‌ഠ്യേനയുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ല അധ്യക്ഷന്മാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും കത്തയച്ചു. എന്നാല്‍, മൂന്നു തവണ ജനപ്രതിനിധികളായവര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ലെന്ന് കത്തില്‍ പ്രത്യേകം എടുത്തുപറയുന്നു.

മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇത്തവണ ഇളവ് നല്‍കി. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവര്‍ക്ക് അനിവാര്യമാണെങ്കില്‍ മത്സരിക്കാം എന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സര്‍ക്കുലര്‍. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് മൂന്നു ടേം പൂര്‍ത്തിയായത് കൊണ്ട് കഴിഞ്ഞ തവണ ഒരു ടേം മാറി നിന്ന പ്രധാന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങള്‍ക്കും അനിവാര്യമാണെങ്കില്‍ അത്തരം നേതാക്കള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡ് കമ്മിറ്റികളുടെയും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ കമ്മിറ്റികളുടെയും നിയോജകമണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന നല്‍കാവുന്നതാണ്. എന്നാല്‍ മൂന്നിലധികം തവണ ജനപ്രതിനിധികളായവര്‍ക്ക് ഈ പരിഗണന ഉണ്ടാകില്ല' എന്ന് സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 'മൂന്നു ടേം' വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ സ്വതന്ത്രരായി മത്സരിക്കേണ്ടി വന്ന സാഹചര്യം പാര്‍ട്ടിക്കുണ്ടായിരുന്നു. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും തിരഞ്ഞെടുപ്പ് വിജയങ്ങളെയും ഒരുപോലെ ബാധിച്ചു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സംസ്ഥാന നേതൃത്വം ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയത്തിന് അനിവാര്യമായ സാഹചര്യങ്ങളില്‍, മൂന്നു ടേം വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കാതെ, ബന്ധപ്പെട്ട കമ്മിറ്റികളുടെ ഐകകണ്‌ഠ്യേനയുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സീറ്റ് നല്‍കണം എന്നതാണ് പ്രധാന നിര്‍ദ്ദേശം.

'മൂന്നു ടേം' വ്യവസ്ഥയിലെ ഇളവുകള്‍ക്കൊപ്പം, തിരഞ്ഞെടുപ്പ് സംബന്ധമായ പാര്‍ലമെന്ററി ബോര്‍ഡുകളിലേക്ക് വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലീഗ് സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സ്ത്രീ ശാക്തീകരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വനിതകളെ പങ്കാളികളാക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.

യൂത്ത് ലീഗിന് അതൃപ്തി

മൂന്നുടേം വ്യവസ്ഥയിലെ ഇളവ് യുവാക്കള്‍ക്ക് അവസരം നഷ്ടമാക്കുമെന്നാണ് യൂത്ത് ലീഗിന്റെ പരാതി. ഇത് സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് പരാതി നല്‍കിയെന്നാണ് സൂചന

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗിനെ തടഞ്ഞതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ പാര്‍ലമെന്ററി ബോര്‍ഡുകള്‍ രൂപീകരിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറുള്ളത്. എന്നാല്‍ ഈ ബോര്‍ഡിലേക്ക് യൂത്ത് ലീഗില്‍ നിന്ന് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും ട്രഷറര്‍ ഇസ്മയില്‍ വയനാടിനെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. എംഎസ്എഫില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് മാത്രമാണ് ബോര്‍ഡിലുള്ളത്. ഇങ്ങനെ പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിലും ഒഴിവാക്കപ്പെടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിക്കുകയാണെന്നുമാണ് യൂത്ത് ലീഗിന്റെ ആക്ഷേപം.

Tags:    

Similar News