സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും; പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍

സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍

Update: 2025-01-01 08:18 GMT

പനാജി: സംസ്ഥാന സര്‍ക്കാരുമായി തര്‍ക്കത്തിനില്ലെന്ന് നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കാനോ വഴി കാട്ടാനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ സഹായിക്കാനാണ് താന്‍ വരുന്നതെന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയുക്ത കേരള ഗവര്‍ണറെ മധുരം നല്‍കിയും പൂമാല നല്‍കിയും ഷാള്‍ അണിയിച്ചുമാണ് ശ്രീധരന്‍ പിള്ള രാജ്ഭവനിലേക്ക് സ്വീകരിച്ചത്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ഗുരുവായൂരപ്പന്റെ ചിത്രവും നിലവിളക്കും ശ്രീധരന്‍ പിള്ള സമ്മാനിച്ചു.

പുതിയ കേരള ഗവര്‍ണറായി ആര്‍ലേക്കര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ മുമ്പാകെ സത്യവാചകം ചൊല്ലി പുതിയ ഗവര്‍ണര്‍ അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. സത്യപ്രതിജ്ഞക്കുശേഷം രാജ്ഭവനില്‍ ചായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. പുതിയ ഗവര്‍ണറുമായി നയതന്ത്ര വഴിയില്‍പോകാനാണ് പിണറായി വിജയനും ആഗ്രഹിക്കുന്നത്. മുന്‍ ഗവര്‍ണറുമായി ഉള്ളതു പോലെ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കില്ല.

ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ നാളെ ആരംഭിക്കുന്ന അന്താരാഷ്ട്ര സെമിനാറായിരിക്കും ഗവര്‍ണറുടെ ആദ്യ പൊതുപരിപാടി. വികസിത ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള ഈ സെമിനാറില്‍, ഭാരതീയ ജ്ഞാനത്തിന്റെ സംഭാവനകള്‍, വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍, സംസ്‌കൃതത്തിന്റെ പ്രാധാന്യം, എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളും, ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടും.

ആരീഫ് മുഹമ്മദ്ഖാന്‍ അവസാനമായി പങ്കെടുത്ത് പ്രധാന പൊതുപരിപാടിയും അന്താരാഷ്ട്ര സെമിനാര്‍ ആയിരുന്നു. കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് സംഘടിപ്പിച്ച 'ആഗോള പ്രശ്നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ ഇടതു സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ശേഷമാണ് ആര്‍ലേക്കര്‍ ഗവര്‍ണറായത്. 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി.

Tags:    

Similar News