'സ്‌നേഹത്തിന്റെ കടയിലെ പഞ്ചാര!' കെ സുരേന്ദ്രന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് 'ബിജെപി കേരളം'; കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ
എക്‌സില്‍ ബിജെപി കേരളം എന്ന പേരിലുള്ള പേജിലാണ് വീഡിയോ
തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി. സാമൂഹ്യ മാധ്യമമായ എക്‌സില്‍ ബിജെപി കേരളം എന്ന പേരിലുള്ള പേജിലാണ് സന്ദീപ് വാര്യരെ പരിഹസിച്ചുള്ള വീഡിയോ ചെയര്‍ ചെയ്തിരിക്കുന്നത്. സ്‌നേഹത്തിന്റെ കടയിലെ പഞ്ചാര!-എന്ന ക്യാപ്ഷനിലാണ് വീഡിയോ. കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപ് വാര്യറെ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണിത്.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയതിന് പിന്നാലെയാണ് വിമര്‍ശനം കടുപ്പിച്ചത്. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളിക്കൊണ്ടുള്ള വീഡിയോയും ഒഫീഷ്യല്‍ പേജിലൂടെ എത്തിയത്.
സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 'ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശന്‍ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്.
പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് അത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങള്‍ ഉറപ്പിച്ചോളൂ. ഈ കോണ്‍ഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല.
സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാനാ നടപടിയുടെ കാര്യങ്ങള്‍ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും ഞാന്‍ എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ ഞാന്‍ സുധാകരനോടും സതീശനോടും ഞാന്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്.'' കെ സുരേന്ദ്രന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അനൗപചാരിക ചര്‍ച്ചകള്‍ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കല്‍ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെയാണ് സന്ദീപ് കോണ്‍ഗ്രസ് വഴിയിലേക്ക് എത്തിയത്.
അതേസമയം, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് കേരള ബിജെപിയുടെ ചുമലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്‌ദേക്കര്‍. അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. തന്നോട് സന്ദീപ് വാര്യര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.