കെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല; തീരുമാനം ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചെന്ന് സൂചന; ചിലര്‍ക്ക് മാത്രം ഇളവു നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് തലവേദനയാകും
കെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ?
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്ന് സൂചനകള്‍ ശക്തം. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം. ചില എംപിമാര്‍ ഹൈക്കമാന്‍ഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല നേതാക്കളും മത്സരിക്കാന്‍ കളത്തിലിറങ്ങിയത് നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു. അടൂര്‍പ്രകാശ് അടക്കമുള്ളവര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കോന്നിയില്‍ മത്സരിച്ചു എംഎല്‍എ ആകാനുള്ള മോഹമായിരുന്നു അടൂര്‍ പ്രകാശ് പ്രകടിപ്പിച്ചത്. എന്നാല്‍, ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ലെങ്കില്‍ ആ നീക്കം പാളും.
കേരളത്തില്‍ കളംപിടിക്കാമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ പലര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് സാധ്യത കുറവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എംപിമാര്‍ ഈ സ്ഥാനം വിട്ട് എംഎല്‍എമാരാകാന്‍ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എംപിമാര്‍ എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാര്‍ എംപിമാരായി തന്നെ ഇരുന്നാല്‍ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നത്.
കെ സുധാകരന്‍ എംപിയും മത്സരിക്കാന്‍ സന്നദ്ധനായി രംഗത്തുണ്ട്. കണ്ണൂരില്‍ താന്‍ മത്സരിക്കുമെന്ന അവകാശവാദവുമായി സുധാകരന്‍ എത്തിയതും ചര്‍ച്ചയായതായിരുന്നു. ഇതിനിടയിലാണ് നേതൃത്വം പുതിയ തീരുമാനത്തിലെത്തിയത്.തദ്ദേശതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. താരപ്രമുഖരെ കളത്തിലിറക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ സൂചന നല്‍കിയിരുന്നു. അതേസമയം, എംപി സ്ഥാനം വിട്ട് എംഎല്‍എമാരാകാന്‍ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്.
മത്സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്സഭാ തിരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാര്‍ എംപിമാരായി തന്നെ ഇരുന്നാല്‍ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്. നേമം/ തിരുവനന്തപുരം - ശശി തരൂര്‍, ആലപ്പുഴ/ ഇരിക്കൂര്‍ - കെ സി വേണുഗോപാല്‍, കൊട്ടാരക്കര/ അടൂര്‍/ മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പില്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും, അധികാരത്തിലേറിയാല്‍ മന്ത്രിക്കസേര ലഭിച്ചേക്കാമെന്നതുമാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പ്പര്യം ഏറുന്നത്.
എന്നാല്‍ നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചത്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മറ്റ് എംപിമാരെയും മത്സരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തില്‍ മത്സരിച്ച് ജയിക്കാന്‍ സാദ്ധ്യതയുള്ള ഒരുപാട് നേതാക്കള്‍ ഉള്ളപ്പോള്‍ എന്തിനാണ് എംപിമാരെ അനാവശ്യമായി സീറ്റ് കൊടുത്ത് മത്സരരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു എംപിക്കുള്ള പ്രാധാന്യം എല്ലാവരും മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പോരാട്ടം ഓരോ ദിവസവും ശക്തിപ്പെടുമ്പോള്‍ ചില നേതാക്കള്‍ എന്തിനാണ് കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്യുന്നത് ഞാനായിരിക്കും'- രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
