സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്; ഹിന്ദുക്കളുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു സീതി സാഹിബ് പറഞ്ഞത്; പാലോളി മുഹമ്മദ് കുട്ടി

സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്

Update: 2025-01-04 06:18 GMT

മലപ്പുറം: സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനുവേണ്ടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നായിരുന്നുവെന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. സി.പി.എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മതേതര മലപ്പുറം മുന്നോട്ട് എന്ന സ്മരണികയിലെ അഭിമുഖത്തിലാണ് പാലൊളിയുടെ വാക്കുകള്‍.

മുസ്‌ലിം ലീഗിന് വലിയ അപ്രമാദിത്വം വരാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്ന് മുസ്ലിം സമുദായത്തിലെ പ്രമാണിമാരായ ആളുകള്‍ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഉന്നയിച്ച പാകിസ്താന്‍ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ചു. അന്ന് മലബാറിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ട് എന്നിവരായിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാന്‍ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്‌ലിം ലീഗിന്റെ സമ്മേളനത്തില്‍ പറഞ്ഞത്. മുസ്‌ലിംകള്‍ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കള്‍ ആണെങ്കില്‍ വലത്തോട്ടും. മുസ്‌ലിംകള്‍ക്ക് ചാണകം നജസ്സാണ്. ഹിന്ദുക്കള്‍ക്ക് പുണ്യവും. ഇങ്ങനെ വൈരുദ്ധ്യമുള്ളവര്‍ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിന് ഉണ്ടായിരുന്നത്. അതുകൊണ്ട് പാകിസ്താന്‍ കിട്ടിയേ തീരൂവെന്നായിരുന്നു ലീഗിന്റെ ആവശ്യം -പാലോളി പറഞ്ഞു.

അതേസമയം മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനമാണ് സിപിഎം മലപ്പുറം സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇവര്‍ ഇപ്പോള്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിംലീഗിന് ഇപ്പോള്‍ അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നാല് വോട്ടിനുവേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ വര്‍ഗീയതയല്ല മരുന്ന്.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ അതിന് വര്‍ഗീയതയോട് കീഴ്‌പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വര്‍ഗിയതയ്ക്കുള്ള മറുമരുന്ന്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യോജിപ്പോടെ സര്‍ക്കാരിനെ എതിര്‍ക്കുകയാണ്. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണെന്നും പിണറായി വ്യക്തമാക്കി.

Tags:    

Similar News