കേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാം; ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കൂ; കെ.സി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

കേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാം

Update: 2025-12-07 07:21 GMT

കോഴിക്കോട്: കേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എം.പിമാരുടെ പ്രകടനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ കെ.സി വേണുഗോപാല്‍ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചപ്പോള്‍ എ.വൈ കാറ്റഗറി കാര്‍ഡുകള്‍ റദ്ദാക്കുമോയെന്ന ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ ശ്രമിച്ചു. പാര്‍ലമെന്റില്‍ കേരള വിരുദ്ധനിലപാടാണ് യു.ഡി.എഫ് എം.പിമാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്കെതിരായ പാര്‍ട്ടി നടപടി പറയേണ്ടത് താനല്ല. സ്വര്‍ണക്കൊള്ളയില്‍ ഇ.ഡി അന്വേഷണത്തിന്റെ ആവശ്യമില്ല. നല്ല രീതിയിലാണ് സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ക്കും ഹൈകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പാര്‍ലമെന്റിലെ യു.ഡി.എഫ് എം.പിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞിരുന്നു.പി.എം ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് എം.പിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില്‍ ബ്രിട്ടാസിനെ ന്യായീകരിച്ചും യു.ഡി.എഫ് എംപിമാരുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സി.

കേരളത്തിന്റെ വികസന ജനകീയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ യു.ഡി.എഫ് എം.പിമാര്‍ പിന്നാക്കം നിന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയാല്‍ പരസ്യമായി മാപ്പു പറയാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയെ പോലൊരാള്‍ ഇത്തരം നുണ പറയരുത്. കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാന്‍ യു.ഡി.എഫ് എം.പിമാരെ കിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോണ്‍ബ്രിട്ടാസ് മദ്ധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോള്‍ സി.പി.ഐയ്ക്ക് മനസിലായിക്കാണും. പല കാര്യങ്ങളിലും ഇടനില പ്രവര്‍ത്തനം സി.പി.എം നടത്തുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News