ഡിവൈഎഫ്‌ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്‍ഡിഎഫ്

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം

Update: 2025-10-20 15:22 GMT

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ ഇറങ്ങിയ ഇടതു മുന്നണിക്കും സിപിഎമ്മിനും തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. പാലക്കാട് മണ്ഡലത്തില്‍ അടിമുടി സജീവമായ രാഹുലിനെ മണ്ഡലത്തിലെ ജനങ്ങളും സ്വീകരിച്ചു തുടങ്ങി. സമുദായ സംഘടനകള്‍ അടക്കം രാഹുലിനെ പിന്തുണച്ചു രംഗത്തുവന്നതോടെ കളം മാറുന്നു എന്ന തിരിച്ചറിവിലാണ് സിപിഎം. അതുകൊണ്ട് തന്നെ രാഹുലിനെ എങ്ങനെ പൂട്ടാന്‍ സാധിക്കുമെന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് അണിയറ നീക്കം. എന്നാല്‍, സ്വന്തം പാര്‍ട്ടി പോലും എഴുതി തള്ളിയിടത്തു നിന്നും ഉയര്‍ത്തെഴുനേല്‍ക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതും കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. മുണ്ടപ്പള്ളി 1300-ാം എന്‍ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രാഹുല്‍ ഒരു എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ എസ് എസ് അടൂര്‍ താലൂക്ക് യൂണിയന്റെ ചെയര്‍മാനും ഈ പരിപാടിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു ഈ പരിപാടി നടന്നത്.

19 വിവാഹങ്ങള്‍ ഒഴിവാക്കിയിട്ടാണ് കുടുംബസംഗമത്തില്‍ എത്തിയതെന്ന് എംഎല്‍എ പറഞ്ഞു. കരയോ?ഗത്തിന്റെ ഭാരവാഹികള്‍ എല്ലാ വീടുകളിലുമെത്തി ക്ഷണിക്കുന്നതുപോലെ എന്നോടും പറഞ്ഞിരുന്നു. അതിനാല്‍, ഞാനുമൊരു ഒഴുക്കന്‍മട്ടിലാണ് വരാമെന്ന് കരുതിയതെന്നും എന്നാല്‍, പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മുഖ്യാതിഥിയാണെന്ന് അറിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

ഇത്രയും ദിവസം പാലക്കാടായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പത്തനംതിട്ടയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കന്നി കഴിഞ്ഞു, തുലാം മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്നു. ഇന്ന് പങ്കെടുക്കേണ്ട 19 കല്യാണം ഒഴിവാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും വൈകുന്നേരം കല്യാണം നടക്കുന്ന വീടുകളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നിര്‍ബന്ധിതമായി ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റംചുമത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം 53 ദിവസം പൂര്‍ത്തിയായിട്ടും പരാതിക്കാരിയെ കിട്ടിയില്ല. ഇതോടെ രാഹുലിനെ തൊടാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. രാഹുലിന്റെ പേരുപറയാതെ ആദ്യം ആരോപണം ഉന്നയിച്ച യുവനടിയും പിന്നീട് പരാതി പറഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും പരാതി നല്‍കാന്‍ തയ്യാറായില്ല.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയായിരുന്നു അന്വേഷണസംഘത്തിന്റെ പിന്നീടുള്ള യാത്ര. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. പരാതി വാങ്ങിയെടുക്കാന്‍ മൂന്നുവട്ടം ഐപിഎസ് ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.

പരാതി നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനും ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നും ചിലരെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമായിരുന്നു എഫ്ഐആര്‍. മാധ്യമങ്ങളില്‍വന്ന വാര്‍ത്തയല്ലാതെ അതിനപ്പുറം ഒരു തെളിവും നല്‍കാന്‍ ഈ പരാതിക്കാര്‍ക്കായിട്ടില്ല.

അതിനിടെ രാഹുലിന്റെ ഫോണ്‍ ട്രാക് ചെയ്യാന്‍ അടക്കം പോലീസ് ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. മണ്ഡലത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടന്നെങ്കിലും അത് പൊളിഞ്ഞു. ഇതിനായി സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

പമ്പയില്‍ ശബരിമല അയപ്പ സംഗമം നടത്തി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഒക്കെ നല്ല പുസ്തകത്തില്‍ കയറി പറ്റിയ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റിലാകുകയും, 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനും, നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനും മറ്റൊരു വിവാദം അത്യാവശ്യമാണ്. അത്തരം ശ്രമങ്ങള്‍ക്കുള്ള സാധ്യത രാഹുലിലൂടെ തേടുകയാണ് സര്‍ക്കാര്‍.

പ്രതിഷേധങ്ങള്‍ ഇല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ പൊതുപരിപാടികളില്‍ സജീവമാണ്. കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗന്‍വാടി കെട്ടിടം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. അംഗനവാടി ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂടത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചിരുന്നില്ല.

Tags:    

Similar News