താന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തുനിന്നം രാജി വെക്കില്ലെന്ന സൂചനകളാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ അത് ഉപതിരഞ്ഞെടുപ്പു വഴി ബിജെപിക്ക് വിജയിച്ചു കയറാന്‍ അവസരം ഒരുക്കി നല്‍കലാകും. ഈ ഭീതി ഉയര്‍ത്തി തല്‍ക്കാലം രാഹുലിന്റെ രാജി എന്ന ആവശ്യത്തെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു നിര്‍ത്തും. കൂടാതെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുമാണ് ആലോചന.
എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതാണ് പാര്‍ട്ടിയുടെ ആശങ്ക. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ ബിജെപി പാലക്കാട് നേട്ടം കൊയ്‌തേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത്തരമൊരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും. ഇതാണ് രാഹുലിന്റെ രാജിയില്‍ തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലങ്ങ് തടിയാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെയ്ക്കണമെന്ന അഭിപ്രായക്കാരാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇവര്‍ ഈ അഭിപ്രായം പരസ്യമായി പറയുകയും ചെയ്തിരുന്നു.
അതേസമയം രാഹുലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന മറ്റൊരു അഭിപ്രായം. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. രാഹുല്‍ രാജിവെക്കണമെന്ന് ഉമാ തോമസ്, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ തുടങ്ങിയ വനിതാ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. രാഹുലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരനും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുലിനെതിരെ നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം നിരവധി പേര്‍ പരാതി ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പരാതി ഒന്നും ലഭിക്കാനാവാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്നായിരുന്നു ദീപാദാസ് മുന്‍ഷി മുമ്പ് പ്രതികരിച്ചത്. ഇതിനിടയില്‍ രാഹുലിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഗൗരവപരമായി അന്വേഷിക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
അതേസമയം രാഹുലിനെ പിന്തുണക്കാന്‍ താല്‍പ്പര്യമുള്ള നേതാക്കളെ പോലും പിന്തിരിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാടില്ലായ്മയാണ്. താന്‍ നിരപരാധിയാണെന്ന് ശക്തമായി പറയാന്‍ രാഹുലിന് സാധിക്കുന്നില്ല. ഇതാണ് നേതാക്കളെയും ആശയകുഴപ്പത്തിലാക്കുന്നത്. ഇനിയും എന്തൊക്കെ വിവരങ്ങള്‍ വരാനുണ്ട് എന്നാണ അറിയേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, തനിക്കെതിരേ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളോട് എടുക്കുന്ന നിലപാടുകള്‍ രണ്ടുതട്ടിലാണ്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.
ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും ഈ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനു മറുപടി പറയാതെ, ട്രാന്‍സ്വുമണ്‍ അവന്തികയുടെ ആരോപണത്തെ ചെറുക്കാനെന്ന മട്ടില്‍ ഒരു ഓഡിയോ പുറത്തുവിട്ട് അത് ചര്‍ച്ചയാക്കാനായിരുന്നു രാഹുലിന്റെ ശ്രമം. ഗര്‍ഭച്ഛിദ്രവിഷയയുമായി ബന്ധപ്പെട്ട ഓഡിയോയുടെ കുറേക്കുടി ഗുരുതര സ്വഭാവമുള്ള രണ്ടാം ഭാഗം പുറത്തുവന്നതോടെ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
എന്നാല്‍, ഓഡിയോ വ്യാജമാണെന്ന് പരാതി കൊടുക്കാനോ, ശബ്ദം തന്റേതല്ലെന്ന് തെളിയിക്കാന്‍ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെടാനോ രാഹുല്‍ തയ്യാറായിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ കേസ് കൊടുക്കാന്‍ പോയാല്‍ അതിനേ സമയം കാണൂവെന്ന നിലപാടാണ് രാഹുലിന്റേത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികദാരിദ്ര്യംപിടിച്ച ആളാണെന്നാണ് അവന്തിക കഴിഞ്ഞദിവസം ആരോപിച്ചത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികവൈകൃതം നിറഞ്ഞ മെസേജുകളാണ് അയച്ചതെന്നും ആരോപിച്ചിരുന്നു.
ഞായറാഴ്ച രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷവും അവന്തിക മാധ്യമങ്ങളോട് പ്രതികരിച്ചു. ''രാഹുല്‍ പുറത്തുവിട്ടത് പഴയ ഓഡിയോക്ലിപ്പാണ്. രാഹുലിനെതിരേ ആരോപണം ഉയരുന്നതിനുമുന്‍പേ, ഓഗസ്റ്റ് ഒന്നിന് സംസാരിച്ചതാണ് അത്. അപ്പോള്‍ പ്രശ്നം തുറന്നുസംസാരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല. നടിയുടെ വെളിപ്പെടുത്തലിനുശേഷമാണ് സ്വന്തം അനുഭവം തുറന്നുപറയാന്‍ ധൈര്യം ലഭിച്ചത്. വാനിഷ് മോഡിലാണ് രാഹുല്‍ ടെലിഗ്രാം സന്ദേശം അയക്കുന്നത്. എന്തുകൊണ്ട് ടെലിഗ്രാം ചാറ്റ് രാഹുല്‍ പുറത്തുവിടുന്നില്ല''- അവന്തിക ചോദിച്ചു.
രാഹുലിന്റെ മറുപടി ഇങ്ങനെയാണ്; ''അവന്തിക എന്റെ സുഹൃത്താണ്. ഓഗസ്റ്റ് ഒന്നിന് രാത്രി 8.24-നാണ് അവന്തിക വിളിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് രാഹുലില്‍നിന്ന് മോശം അനുഭവം ഉണ്ടായോ എന്ന് ചോദിച്ചതായി പറഞ്ഞു. ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പും നല്‍കി. റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോഡിങ് ചോദിച്ചുവാങ്ങി. എന്നോടൊപ്പം നില്‍ക്കുമോ എന്നു ചോദിച്ചപ്പോള്‍ നില്‍ക്കും എന്നാണ് പറഞ്ഞത്. ജീവനു ഭീഷണിയുണ്ടെങ്കില്‍ അവര്‍ എന്നെ വിളിച്ച് എന്തിനാണ് റെക്കോഡിങ് അയച്ചുതരുന്നത്.''