ജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല; ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കര യുഡിഎഫിന് ഒപ്പമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ ഹരിദാസ്

രാഹുലിന്റെയും രമ്യയുടെയും പ്രതികരണം

Update: 2024-10-15 17:08 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതില്‍ വളരെ സന്തോഷമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായയിരുന്നു അദ്ദേഹം. പ്രിയങ്കഗാന്ധി പാര്‍ലമെന്റിലേക്ക് കാലെടുത്ത് വെയ്ക്കാനൊരുങ്ങുന്ന ഈ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചത് വലിയ കാര്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിന്റെ വാക്കുകള്‍

ഈ പ്രായത്തിനിടയ്ക്ക് പാര്‍ട്ടി എനിക്ക് നിരവധി അവസരങ്ങള്‍ തന്നിട്ടുണ്ട്. കാത്തലിക്ക് കോളേജിലെ യൂണിറ്റ് കമ്മിറ്റി തൊട്ട് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വരെ നിരവധിയായ അവസരങ്ങള്‍ പാര്‍ട്ടി എനിക്ക് നല്‍കി. ഇപ്പോള്‍ തന്നിരിക്കുന്ന അവസരവും ഒരുപാട് വലിയതാണ്. വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പില്‍ പാലാക്കാട് പോലൊരു സ്ഥലത്ത് മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.നിരവധി മികച്ച നേതാക്കള്‍ മത്സരിച്ച സ്ഥലമാണ് പാലക്കാട്. കെഎസ്‌യുവിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ എനിക്ക് സംഘടനാപരമായ ചുമതലയുണ്ടായിരുന്നത് പാലക്കാട് ജില്ലയിലാണ്. അന്ന് തൊട്ട് ഈ നിമിഷം വരെ എനിക്ക് പ്രായത്തിന് മുകളിലും താഴെയുമായി ഒരുപാട് സഹോദരങ്ങളുള്ള സ്ഥലമാണത്. കഴിഞ്ഞ് രണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ അവിടെ സംഘടനാപരമായ ചുമതലകള്‍ ഉള്‍പ്പെടെ ചെയ്തതിന്റെ ഭാഗമായി സാധാരണക്കാരോട് ഇടപഴകുവാന്‍ അവസരമുണ്ടായിട്ടുണ്ട്.

ശ്രീമതി പ്രിയങ്കഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കാലെടുത്ത് വെക്കുന്ന വളരെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയുള്ള ഈ അവസരത്തില്‍ മത്സരിക്കാന്‍ അവസരം തന്നത് പാര്‍ട്ടി തന്ന വലിയൊരു അംഗീകാരമായി കണക്കാക്കുന്നു. മുതിര്‍ന്ന നേതാക്കളെ വിളിച്ചിരുന്നു അവരുടെയെല്ലാം പിന്തുണയും അംഗീകാരമുണ്ട്. നിങ്ങളുടെയും പിന്തുണയുണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുവിലുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. ജനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ പൊറുതിമുട്ടി ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. ആ സമയത്ത് ഒരു സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ സാധിക്കുന്നത് വലിയൊരു അവസരവും വെല്ലുവിളിയുമാണ്. പാര്‍ട്ടിയും അണികളും ഒപ്പം നില്‍കുകയും പാലക്കാട് ജനതയുടെ പിന്തുയുമുണ്ടെങ്കില്‍ ഈ വെല്ലുവിളി നേരിടാവുന്നതാണ്. ഈ തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ട്രെന്‍ഡ് സെറ്ററാവാന്‍ പോവുന്നത് ചേലക്കരയാണ്.

വയനാട് പ്രിയങ്ക മത്സരിക്കുന്നതിന്റെ ആവേശം മറ്റ് മണ്ഡലങ്ങളിലുമുണ്ടാകും. കല്‍പാത്തി രഥോത്സവം കേരളത്തിന്റെ പ്രധാനപ്പെട്ട ഉത്സവ ആഘോഷങ്ങളില്‍ ഒന്നാണ്. ആ ദിവസം വോട്ടെടുപ്പ് വയ്ക്കുന്നതില്‍ ബുദ്ധിമുട്ടാണെന്നും രാഹുല്‍ പറഞ്ഞു. ജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല. ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു


രമ്യ ഹരിദാസിന്റെ പ്രതികരണം

നിങ്ങള്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയില്‍ വരാന്‍ പോകുന്നതെന്നും അത് ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമായിരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നാളിതുവരെ നിറവേറ്റിയ പോലെ നിറവേറ്റുമെന്നും രമ്യ പറഞ്ഞു.

Tags:    

Similar News