നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും; സ്വതന്ത്രരെ പരീക്ഷിച്ചാലും സിപിഎം വിജയിക്കില്ല; യുഡിഎഫില്‍ പ്രാദേശിക പ്രശ്നങ്ങളില്ലെന്ന് സാദിഖലി തങ്ങള്‍

നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും

Update: 2025-05-25 12:00 GMT

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. സ്വതന്ത്രരെ പരീക്ഷിച്ചാലും സിപി എം വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. യുഡിഎഫില്‍ പ്രാദേശിക പ്രശ്നങ്ങളില്ല. ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കം തീര്‍ന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. നല്ല സ്ഥാനാര്‍ഥികളായി ഒന്നിലേറെ പേരുണ്ടെന്നും അതില്‍ നിന്ന് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പിവി അന്‍വര്‍ ഇഫക്ട് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അന്‍വറിന്റെ ഉയര്‍ത്തിയ കാര്യങ്ങള്‍ക്കൊന്നും സിപിഐഎമ്മിന് മറുപടി പറയാന്‍ പറ്റിയിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തെ അന്‍വര്‍ തുറന്നുകാട്ടി. ജനപക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിച്ചയാളാണ് അന്‍വര്‍. നിലമ്പൂരില്‍ 'ജോയ്ഫുള്‍' മാത്രമല്ല ചിയര്‍ഫുള്‍ ആയ സ്ഥാനാര്‍ത്ഥിയും കൂടിയാകും ഉണ്ടാകുക എന്നും ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രണ്ട് പേരിലേക്ക് ചുരുക്കിയത് മാധ്യമങ്ങളാണെന്നും കൂടുതല്‍ പേരുകള്‍ പരിഗണനയിലുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News