കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ? ചലഞ്ച്: ബി.ജെ.പി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍
കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ?
പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ, ബി.ജെ.പിയുടെ ഉന്നത സമിതിയായ കോര്‍ കമ്മിറ്റിയിലെ ഒരംഗത്തിനെതിരെയും സമാന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ഇയാള്‍ക്കെതിരെ നടപടിയടുക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദീപ് ഫേസ്ബുക്കില്‍ വെല്ലുവിളിച്ചു.
'കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍, കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ? Challenge' എന്നാണ് സന്ദീപിന്റെ കുറിപ്പ്. എന്നാല്‍, ഏതാണ് നേതാവ് എന്നോ എന്താണ് ആരോപണം എന്നോ സന്ദീപ് വ്യക്തമാക്കിയിട്ടില്ല. ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി കമന്റുകളും സന്ദീപിന്റെ പോസ്റ്റിന് താഴെ നിറയുന്നു.
അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച പ്രസ്താവനകളും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവേ, 'കാളയെ കളയാതെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കെട്ടിയിടണം. ഈ അടുത്ത ദിവസം ആ കാള ബി.ജെ.പിക്ക് ആവശ്യമായി വരും. വൈകാതെ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതിയുണ്ടാകും,' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പിയിലെ ഒരു നേതാവിനെതിരെ ഉയരാന്‍ സാധ്യതയുള്ള ലൈംഗികാരോപണത്തെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.എല്‍.എക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടും, സമാന ആരോപണങ്ങള്‍ നേരിടുന്ന സിപിഎം നേതാക്കളെ മന്ത്രിമാരാക്കിയെന്ന് സതീശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.