'സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ല! യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം കടുത്തതോടെ വേദിവിട്ട് രാഹുല്‍

യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം

Update: 2025-07-30 18:17 GMT

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പ്രതിനിധികള്‍. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു, വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു എന്നിങ്ങനെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍.സംഘടന പ്രവര്‍ത്തനത്തില്‍ രാഹുല്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികള്‍ പറയുന്നത് കൂടെ കേള്‍ക്കണമെന്ന ആവശ്യമുയര്‍ന്നു.പിന്നാലെയാണ് പ്രതിനിധികള്‍ സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. വിമര്‍ശനം കടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തുകയായിരുന്നു.

വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകള്‍ ഓഗസ്റ്റ് 15-നകം പൂര്‍ത്തിയാക്കണമെന്നും സമയപരിധിക്കുള്ളില്‍ ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ അറിയിച്ചു. ചില ജില്ലാ കമ്മിറ്റി ഭാരവാഹികളും നിയോജകമണ്ഡലം പ്രസിഡന്റുമാരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാറില്ലെന്നും ഹാജര്‍ ബുക്ക് പരിശോധിച്ചു രാഹുല്‍ പ്രതിനിധികളോട് പറഞ്ഞു. ഇവര്‍ക്കെതിരെയും പ്രവര്‍ത്തിക്കാത്ത മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഹുല്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ ഫണ്ട് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും ജനങ്ങളെ സമീപിക്കാന്‍ ആവില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. പിരിച്ച ഫണ്ടുസംബന്ധിച്ചും വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചും ഇപ്പോഴും വ്യക്തത വരുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ലെന്നും വയനാട് ഫണ്ട് പിരിവ് പേരുദോഷം മാത്രമാണ് ഉണ്ടാക്കിയതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം രോഷാകുലനായി വേദി വിട്ടത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകള്‍ വ്യക്തമാക്കുന്നതാണ് ഇടുക്കിയില്‍ നടന്ന ഈ നേതൃസംഗമം. എന്നാല്‍ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയില്ലെന്ന് രാഹുല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങള്‍ക്കെതിരെയാണ് നടപടി എടുുത്തതെന്നും യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് വയനാട്ടില്‍ സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃകാവീട് പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായി. 2024 ജൂലൈ 29-ന് രാത്രി 11.45-നാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ധരാത്രി 12-നും ഒന്നിനുമിടയില്‍ പുഞ്ചിരിമട്ടം-അട്ടമല, മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തില്‍ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പുനഃരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിര്‍മ്മിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.

എന്നാല്‍ പുനഃരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വേഗത്തില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News