അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്; അദ്ഭുതങ്ങളില്ല; രാഹുല്‍ സീറ്റൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക തന്നെ മാറ്റുരയ്ക്കും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യഹരിദാസും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങും; മത്സരച്ചൂട് കൂട്ടി ഔദ്യോഗിക പ്രഖ്യാപനം

സ്ഥാനാര്‍ഥികളെ അതിവേഗം പ്രഖ്യാപിച്ച് യുഡിഎഫ്

Update: 2024-10-15 15:56 GMT

തിരുവനന്തപുരം: കേരളം ഉപതിരഞ്ഞെടുപ്പു ചൂടിലേക്ക് നീങ്ങുമ്പോള്‍ സ്ഥാനാര്‍ഥികളെ അതിവേഗം പ്രഖ്യാപിച്ച് യുഡിഎഫ്. പ്രതീക്ഷിച്ചത് പോലെ തന്നെ, പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാര്‍ഥി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളാകും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.




 

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രമ്യ ഹരിദാസ്. അട്ടിമറി ലക്ഷ്യമിട്ടാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. അന്തിമപട്ടിക ഹൈക്കമാന്റിന് കൈമാറിയിരുന്നു.

പാലക്കാട് മണ്ഡലത്തില്‍ ബിജെപി കൂടി ശക്തമായതിനാല്‍ ത്രികോണ പോര് ഉറപ്പാണ്. ഇവിടെ കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ബിജെപി സ്ഥാനാര്‍ഥിയാകും. ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ ശക്തമായ പോരാട്ടം മണ്ഡലത്തില്‍ ഉണ്ടാകും. ചേലക്കരയിലും ശക്തമായ പോരാട്ടം നടക്കും.

1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില്‍ കെ രാധാകൃഷ്ണന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല് രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ല് രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി.

യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

Tags:    

Similar News