തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ 'സീറ്റ്' ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണി വിപുലീകരണവും സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് നേതൃത്വം ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിയില്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും.
കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. മുസ്ലീം ലീഗും കെ.പി.സി.സിയിലെ ഒരു വിഭാഗവും മാണി ഗ്രൂപ്പിനോട് അനുകൂല നിലപാട് പുലര്‍ത്തുമ്പോള്‍, പി.ജെ. ജോസഫും കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ ശക്തമായി എതിര്‍ക്കുന്നു. അതേസമയം, ശ്രേയാംസ് കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനാണ് സാധ്യത. പി.വി. അന്‍വര്‍, സി.കെ. ജാനു എന്നിവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഇന്നത്തെ യോഗം പരിഗണിക്കും.
സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനാണ് യു.ഡി.എഫ് തീരുമാനം. കഴിഞ്ഞ തവണത്തെ സീറ്റ് വിഭജന രീതി പിന്തുടരാനാണ് ആലോചനയെങ്കിലും സി.എം.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങിയ കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയേക്കും. മണ്ഡലങ്ങളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ബില്ല്, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരായ സമരം ശക്തമാക്കാനും യു.ഡി.എഫ് ലക്ഷ്യമിടുന്നു.
വിപുലീകരിക്കാതെതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ട്. കേരളാ കോണ്‍ഗ്രസ് മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെ പിജെ ജോസഫ് അംഗീകരിക്കില്ല. എന്നാല്‍ ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയോട് അനുകൂല തീരുമാനം അറിയിക്കും. മാണി വിഭാഗത്തെ കൊണ്ടു വരുന്നതിനോട് മുസ്ലീം ലീഗിന് താല്‍പ്പര്യമുണ്ട്.
ഭരണം നേടാമെന്നു പ്രതീക്ഷയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷം ഉറപ്പിക്കാന്‍ പരമാവധി കക്ഷികളെ ഒപ്പംകൂട്ടണമെന്നാണു ലീഗിന്റെ നിലപാട്. കെപിസിസിയും ഇതേ അഭിപ്രായത്തിലാണ്. കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനോട് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പിന്നാലെ പോകേണ്ട സാഹചര്യമില്ല. മുന്നണിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുംവിധമുള്ള കൂട്ടിച്ചേര്‍ക്കലുമുണ്ടാവില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തില്‍ ഇന്ന് പ്രാഥമിക ധാരണകളുണ്ടാകും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാനുമാണു നീക്കം. കഴിഞ്ഞ തവണ മത്സരിച്ച അതേ രീതിയില്‍ സീറ്റ് വിഭജനം നടക്കും. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കാനാണു കോണ്‍ഗ്രസ് തീരുമാനം. ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍, ശക്തമായി പ്രവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍, സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിട്ടിയത്. ഈ സാഹചര്യം വലിയ വിജയം യു.ഡി.എഫിന് നിയമസഭയില്‍ നല്‍കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ആദ്യ യു.ഡി.എഫ്. യോഗമാണു ഇന്നു നടക്കാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കുമെന്നാണു സൂചന.
