'അവര്‍ ഒന്നാണ്, ടീം കേരള'; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒറ്റക്കെട്ടെന്ന സന്ദേശം പങ്കുവെച്ച് നേതാക്കള്‍; കേരളം ഭരണമാറ്റത്തിന് പാകമായി, 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും; കോണ്‍ഗ്രസിന് ഇനി വര്‍ദ്ധിത വീര്യമോ?
'അവര്‍ ഒന്നാണ്, ടീം കേരള'; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കലഹത്തിന്റെ നാളുകള്‍ തല്‍ക്കാലം കഴിഞ്ഞുവെന്നാണ് ഹൈക്കമാന്‍ഡ് ഇടപെടലോടെ അണികള്‍ക്ക് ലഭിച്ച സന്ദേശം. ഇനിയുള്ള കുറച്ചുകാലം സര്‍ക്കാറിനെതിരെ സമരം നയിക്കേണ്ട സമയമായെന്നാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ഈ ഐക്യ സന്ദേശമാണ് രാഹുല്‍ ഗാന്ധിയും മുന്നോട്ടു വെച്ചത്. ഡല്‍ഹി ചര്‍ച്ചയില്‍ വിവാദങ്ങളെല്ലാം അടക്കിയ ശേഷം രാഹുല്‍ ഗാന്ധി പങ്കുവെച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ.്
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. 'മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താല്‍ അവര്‍ ഒന്നായി നിലകൊള്ളുന്നു, ടീം കേരള' എന്ന കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ശശി തരൂരും, കെ സി വേണുഗോപാല്‍, വി ഡി സതീശനും കെ സുധാകരുമെല്ലാമുണ്ട്. ഈ ചിത്രം പങ്കുവെച്ചു കൊണ്ട് മറ്റ്‌നേതാക്കളും രംഗത്തുണ്ട്. ഈ ചിത്രമെടുത്തത് രാഹുല്‍ ഗാന്ധിയാണെന്നും ചില നേതാക്കള്‍ സൂചിപ്പിക്ുകന്നു.
നേരത്തെ തരൂരിന്റെ ലേഖനം അടക്കം വിവാദമായിരുന്നു. സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നത്. പിന്നാലെ തരൂരിലെ വിമര്‍ശിച്ച് വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
തരൂരിനെതിരെ സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി.പിന്നാലെ തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടിരുന്നു.
അതേസമയം കേരളത്തില്‍ ഭരണമാറ്റത്തിന് പാകമായെന്നും 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണിയും പ്രതികരിക്കുന്നു. അതിന് മുമ്പുള്ള സെമി ഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പെന്ന ഈ സെമി ഫൈനല്‍ പ്രധാനമാണ്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും എ.കെ. ആന്റണി നിര്‍ദേശിച്ചു.
മയക്കു മരുന്ന് ചാരായത്തെക്കാള്‍ ആയിരം മടങ്ങ് അപകടമാണെന്നും മയക്കു മരുന്നിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എ.കെ. ആന്റണി പറഞ്ഞു. ഇതടിച്ചാല്‍ അമ്മയെന്നോ അച്ഛനെന്നോ ബോധമില്ല. ചാരായം പണ്ട് നിരോധിച്ചു. വീര്യമുള്ള മദ്യമായത് കൊണ്ടാണ് നിരോധിച്ചതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പെരുമഴയത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാരോട് സര്‍ക്കാര്‍ ദയ കാണിക്കണമെന്നും അവര്‍ വലിയ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരല്ലെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാം. മുഖ്യമന്ത്രി പിടിവാശി കാണിക്കരുത്. സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ല ഉള്ളത്. ആശ വര്‍ക്കര്‍മാരുടെ സമരപന്തലിലെ ടാര്‍പോളിന്‍ മാറ്റിയത് ക്രൂരതയാണ്. പൊലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണെന്നും എ.കെ. ആന്റണി വിമര്‍ശിച്ചു.
അതേസമയം യുഡിഎഫ് നിലപാട് പറയാനിരിക്കെ തനിക്കു മുന്‍പേ മാധ്യമ സമ്മേളനം വിളിക്കുന്ന മറ്റു നേതാക്കളുടെ രീതിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ ഉന്നയിച്ചത്. എഐസിസി വിളിച്ച കേരള നേതാക്കളുടെ യോഗത്തിലാണ് സതീശന്‍ രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ പേരെടുത്തു പറയാതെ ട്രോള്‍ പരിഹാസം ഉയര്‍ത്തിയത്. ചെന്നിത്തലയേയും കെ മുരളീധരനേയുമാണ് പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടതെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സതീശനൊപ്പം ചേര്‍ന്നു. ഈ വിമര്‍ശനത്തോട് ആരും പ്രതികരിച്ചില്ല. എങ്കിലും സമര പ്രഖ്യാപന അവകാശം തനിക്ക് സ്ഥാപിച്ചെടുക്കുകയായിരുന്നു സതീശന്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞതിനോടു പൂര്‍ണമായും യോജിച്ചായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം ഇതിന് തെളിവാണ്. 'ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും ഇതുവരെ ഇല്ലാത്തവിധം ഐക്യം കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടെ'ന്നും പറഞ്ഞായിരുന്നു സതീശന്‍ തുടങ്ങിയത്. പിന്നെന്താണ് പ്രശ്നമെന്നും ഈ യോഗം എന്തിനാണെന്നും രാഹുല്‍ ആരാഞ്ഞു. ഈ ഘട്ടത്തിലാണ് സതീശന്‍ നേതാക്കളുടെ 'ഓവര്‍ടേക്കിങ്' സൂചിപ്പിച്ചത്. മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്നും അതിന് യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്നും പറഞ്ഞ യോഗത്തിലാണ് 'ഓവര്‍ടേക്കിങ്' പരാമര്‍ശത്തിലൂടെ സതീശന്‍ കത്തി കയറിയത്.
ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് 10 മണിക്ക് മാധ്യമസമ്മേളനം വിളിച്ചു നിലപാട് പറയാനിരിക്കെ 8ന് ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണവും 9ന് മറ്റൊരാള്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടുന്നതാണ് പതിവെന്ന് സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കു പല അഭിപ്രായമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടാന്‍ ഇതു കാരണമാകുന്നുവെന്നാണ് സതീശന്റെ നിലപാട്. അതായത് ഇനി ഒരു വിഷയത്തിലും തനിക്ക് മുമ്പ് ആരും പത്ര സമ്മേളനം വിളിക്കരുതെന്ന് സാരം. ബ്രൂവറി അടക്കമുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സിപിഎമ്മും പല നേതാക്കളുടെ പല അഭിപ്രായങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. അന്നൊന്നും അതില്‍ പ്രശ്നമില്ലെന്ന് സതീശന്‍ പരസ്യമായി പറഞ്ഞു. പക്ഷേ ഡല്‍ഹിയിലെ പാര്‍ട്ടി യോഗത്തില്‍ പരാതിയാക്കുകയും ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു മികച്ച വിജയം നേടാമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ ഇക്കാര്യങ്ങളില്‍ നേരിട്ടു വിവരമറിയാന്‍ തനിക്കു സംവിധാനമുണ്ടെന്നു രാഹുല്‍ മറുപടി പറഞ്ഞു. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ തരംതിരിച്ചു പോരാട്ടം നയിക്കണമെന്ന് സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 140 ഇടത്തും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ ശ്രമിക്കണമെന്ന് പറയുകയായിരുന്നു രാഹുല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന പ്രതീതി ഉണ്ടാക്കി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.