ശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്; അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്; ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല: തരൂര്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറി വി ഡി സതീശന്‍

തരൂര്‍ വിഷയത്തില്‍ ഒഴുഞ്ഞു മാറി വി ഡി സതീശന്‍

Update: 2025-07-10 05:36 GMT

കൊച്ചി: അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമര്‍ശിക്കുന്ന ലേഖനം താന്‍ വായിച്ചുവെന്നും അതേക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ടെങ്കിലും പറയുന്നി?ല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 'അദ്ദേഹത്തിന്റെ ലേഖനം ഞാന്‍ വായിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് അഭിപ്രായമുണ്ട്. എന്നാല്‍, പറയുന്നില്ല. കാരണം, അദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. ഞാനല്ല, ദേശീയ നേതൃത്വമാണ് അതേക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഞാന്‍ ഒരു കോണ്‍ഗ്രസ് നേതാക്കളെ കുറിച്ചും അഭിപ്രായം പറയാനില്ല. എനിക്ക് പരാതി ഉണ്ടെങ്കില്‍ ഞാന്‍ ദേശീയ നേതൃത്വത്തെ അറിയിക്കും. ഈ കാര്യത്തില്‍ അവരാണ് അഭിപ്രായം പറയേണ്ടത്' -വി.ഡി. സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തില്‍ കഴിഞ്ഞദിവസം തരൂര്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിനെ വി.ഡി. സതീശന്‍ പരിഹസിച്ചു. 'ഏത് സര്‍വേ? ഇഷ്ടം പോലെ സര്‍വേ ദിവസവും വരുന്നുണ്ട്. അതിലൊന്നും അഭിപ്രായം പറയാനില്ല. തരൂര്‍ പങ്കുവെച്ചത് ഏത് സര്‍വേയാണെന്നറിയില്ല' -അദ്ദേഹം പറഞ്ഞു.

അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. ഇരകളാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും വി.സിമാരില്ല. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് മര്‍ദ്ദിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം പ്രോസ്പെക്ടസ് തിരുത്തുമോ? എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയും ഇല്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. ബ്രെയിന്‍ ഡ്രെയിന്‍ നേരിടുന്ന കാലത്ത് സര്‍വകലാശാലകളിലെ സംഘര്‍ഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും. സെനറ്റ് ഹാളില്‍ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട നിസാര പ്രശ്നം തീര്‍ക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല.

മുഖ്യമന്ത്രി ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കോടികളുടെ അഴിമതി നടന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായ ഗ്രഫീന്‍ അറോറ പദ്ധതിയുടെ ഉത്തരവ് ഇറങ്ങിയ ശേഷം രൂപീകരിച്ച കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പണം നല്‍കുകയും ചെയ്തെന്നാണ് വി.സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോടികളുടെ അഴിമതിയാണ് നടന്നത്. സ്ഥലം ഉള്‍പ്പെടെ ദുരുപയോഗം ചെയ്തു കൊണ്ട് പലരും പണമുണ്ടാക്കുകയാണ്. ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നവേഷന്‍ എന്ന കമ്പനിക്കാണ് കരാര്‍. അതിന് പിന്നില്‍ വേണ്ടപ്പെട്ടവര്‍ എല്ലാമുണ്ട്. ഇതാണ് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സ്ഥിതിയെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News