ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു
കോട്ടയം: കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ എട്ടാംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍നിന്നും മന്ത്രിമാര്‍ ഒഴിഞ്ഞുമാറുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
''തേവലക്കര സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തം. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. വയാനാട്ടിലെ സ്‌കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. ആശുപത്രിയിലും ഇത്തരം ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടാണ് ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ സൂംബ ഡാന്‍സ് നടത്തിയത്. വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചുകൊന്ന ദിവസമാണ് വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചത്. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?
ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്. സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് വേണം. വീഴചകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മാറിനിന്ന് പരിഹസിക്കുകയാണ്. ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണം'' -വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. പരാമര്‍ശം വേണ്ടിയിരുന്നില്ല. അങ്ങനെ പറയരുതായിരുന്നു. പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയതാണെന്നും ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ''ചെരിപ്പ് എടുക്കാന്‍ പയ്യന്‍ ഷെഡിന് മുകളില്‍ കയറിയപ്പോള്‍ ഉണ്ടായ അപകടമാണ്. കാലൊന്ന് തെന്നി, പെട്ടെന്ന് കയറിപ്പിടിച്ചത് വലിയ ലൈന്‍ കമ്പിയിലാണ്. അതിലൂടെയാണ് വൈദ്യുതി കടന്നുവന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അതേതെങ്കിലും അധ്യാപകരുടെ കുഴപ്പമല്ല.
നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ച് കളിച്ച് ഇതിന്റെയൊക്കെ മുകളില്‍ ചെന്നു കയറുമ്പോള്‍ ഇത്രയും ആപല്‍ക്കരമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കറിയുമോ. നമ്മളൊക്കെ അന്തിച്ചുപോകും. ഒരു കുഞ്ഞ് രാവിലെ സ്‌കൂളില്‍ ഒരുങ്ങിപ്പോയ കുഞ്ഞാണ്. ആ കുഞ്ഞ് മരിച്ച് തിരിച്ചുവരുന്ന അവസ്ഥ. അധ്യാപകരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നുള്ളതാണ് നമുക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്'' -എന്നിങ്ങനെയായിരുന്നു മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.