യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരം; ഇത് മതേതര വിശ്വാസികളിലുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനം; കേരളത്തെ വീണ്ടും വര്‍ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് വി എം സുധീരന്‍
വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍, 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റ വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പ്രതിപക്ഷ നേതാവിനെ പിന്തുണച്ചു കൊണ്ടും വെള്ളാപ്പള്ളിയെ വിമര്‍ശിച്ചുമാണ് സുധീരന്‍ രംഗത്തുവന്നത്.
യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും യു.ഡി.എഫിന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. യു.ഡി.എഫ്. അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും തനിക്കുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്ന് സുധീരന്‍ പറഞ്ഞു.
തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തിവരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹവുമാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവന്‍ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍മാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ വീണ്ടും വര്‍ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതുവഴി സമൂഹത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികള്‍ക്കതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളില്‍നിന്നും ഒഴിവാകുകയെന്ന ഗൂഢലക്ഷ്യവും വെച്ചുപുലര്‍ത്തുന്നുണ്ട്.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുസ്വാമികള്‍ നല്‍കിയ സന്ദേശങ്ങള്‍ക്കും ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കും എതിരെ എക്കാലത്തും പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണ്. നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് തനിക്കെന്തെങ്കിലും ആദരവുണ്ടെങ്കില്‍ സംസ്ഥാന നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.
നേരത്തെ യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പറഞ്ഞിരുന്നു. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയാണ് പുതിയ വെല്ലുവിളി.
സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സതീശന്റെ മണ്ഡലത്തിലെത്തി കാര്യങ്ങള്‍ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശന്‍. താന്‍ ശ്രീനാരായണ ധര്‍മ്മം പഠിക്കണമെന്നാണ് സതീശന്‍ പറയുന്നത്. സതീശന്‍ തന്നെ ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല. ഈഴവന് വേണ്ടി സതീശന്‍ എന്ത് ചെയ്തു? നാളെ തോല്‍ക്കാന്‍ വേണ്ടിയിട്ടാണ് സതീശന്‍ ഇതൊക്കെ പറയുന്നത്.
രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറഞ്ഞത്. ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഈഴവര്‍ വോട്ടു കുത്തുന്ന യന്ത്രമാണ് എന്നല്ലാതെ അവര്‍ക്ക് അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒതുങ്ങുന്നവനല്ല താന്‍. പറവൂരില്‍ 52% വോട്ട് ഉണ്ടെന്ന് പറഞ്ഞ സതീശന്‍ പറഞ്ഞിട്ടും തോറ്റത് ഓര്‍മയില്ലേ. ഇതുപോലെ അഹങ്കാരം പറഞ്ഞവര്‍ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.