അന്‍വറിന്റെ ലക്ഷ്യം തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കല്‍; സര്‍ക്കാറും സിപിഎമ്മുമായി നടത്തുന്നത് വിലപേശല്‍; വാര്‍ത്താസമ്മേളനം സമ്മര്‍ദ്ദതന്ത്രം; തന്റെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ മാത്രം രാജിയുടെ വഴി; മുഖ്യമന്ത്രി അന്‍വറിന് വഴങ്ങുമോ?

അന്‍വറിന്റെ ലക്ഷ്യം തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കല്‍

Update: 2024-09-26 08:33 GMT

തിരുവനന്തപുരം: പാര്‍ട്ടിക്ക് വഴങ്ങാതെ വീണ്ടും കലാപക്കൊടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ വീണ്ടും രംഗത്തുവരുന്നത് തനിക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ വേണ്ടി. താന്‍ ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുത പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബൂമറാങ് ആകുമെന്ന് തിരിച്ചറിഞ്ഞാണ് അന്‍വര്‍ പരസ്യപ്രതികരണത്തിന് തയ്യാറായി രംഗത്തുവരുന്നത്. തനിക്കെതിരെ സിബിഐയെ കൊണ്ടുവരാന്‍ എഡിജിപി അജിത്കുമാര്‍ ശ്രമിക്കുന്നത് അന്‍വര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അടക്കം ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാറില്‍ നിന്നും തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം.

സര്‍്ക്കാറും പാര്‍ട്ടിയുമായി ഇപ്പോള്‍ നടക്കുന്നത് വിലപേശലാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വഴങ്ങിയാല്‍ മാത്രമേ അടങ്ങൂ എന്നതാണ് അന്‍വറിന്റെ നിലപാട്. അല്ലാത്ത പക്ഷം വീണ്ടും എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണി പോലും അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. ഒറ്റയടിക്ക് രാജിവെക്കാതെ നിയമസഭയില്‍ അടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ ശേഷം കക്ഷിയോഗങ്ങളില്‍ പങ്കെടുക്കാതെ അടക്കം പ്രതിഷേധിക്കാനാണ് പദ്ധതി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മാത്രമാകും രാജിയും മറ്റു തീരുമാനങ്ങളും.

എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം പ്രഹസനമെന്ന് ആവര്‍ത്തിച്ച് പി.വി അന്‍വര്‍ ഇന്ന് രംഗത്തുവന്നിരുന്നു. പൂരം കലക്കിയത് ആരാണെന്നും ആര്‍ക്ക് വേണ്ടിയാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് സ്പീക്കര്‍ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അന്‍വര്‍ ചോദിക്കുന്നു.

വൈകിട്ട് 4.30 വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചെങ്കിലും അത് നടത്താനാവുമെന്ന് ഉറപ്പില്ലെന്നും ഒരു മാധ്യമത്തോടെ പറഞ്ഞത് സര്‍ക്കാര്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുമോ എന്നറിയാന്‍ വേണ്ടിയാണ്. താന്‍ അഴിക്കുള്ളിലാകുമോ എന്നും അന്‍വര്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ ഭൂമിയില്‍നിന്ന് തന്നെ നിഷ്‌കാസിതനായേക്കാം. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെ പ്രതിയാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. തന്റെ വീട്ടിലും ഓഫീസിലും പൊലീസ് രഹസ്യനിരീക്ഷണം നടത്തുന്നുണ്ട്. എന്തും ചെയ്യാന്‍ ശേഷിയുള്ള പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

തന്റെ ആരോപണങ്ങളില്‍ അന്വേഷണം നടക്കുമെന്ന പാര്‍ട്ടിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് താന്‍ പിന്‍മാറിയിരുന്നത്. എന്നാല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ആയിരം ശതമാനവും പാര്‍ട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. ശശിയെ സംരക്ഷിച്ചുകൊണ്ടാണ് എം.വി ഗോവിന്ദന്‍ സംസാരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാന്‍ വേണ്ടി സിപിഐ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അജിത്കുമാറിനെ ഈ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ തല്‍ക്കാലം അന്‍വറും അടങ്ങിയേക്കും. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഇതെന്ന നിലപാട് പൊതുവില്‍ പറയുകയും ചെയ്യാം.

നേരത്തെ സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി വിലക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പരസ്യവിമര്‍ശനത്തിന് ഒരുങ്ങുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളൊന്നും സി.പി.എമ്മും സര്‍ക്കാറും മുഖവിലയ്ക്കെടുത്തിരുന്നില്ല. താനുമായി ഉടക്കിയ എ.ഡി.ജി.പി അജിത്കുമാറിനെ സംരക്ഷിക്കുന്നതില്‍ പ്രകോപിതനായാണ് പി.വി. അന്‍വര്‍, ശശിക്കെതിരെ തിരിഞ്ഞത്.

ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കി ജയിക്കാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. എന്നാല്‍, തന്റെ വാദങ്ങളൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല, സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് വേണ്ടിയാണ് അന്‍വര്‍ രംഗത്തുവന്നത് എന്ന വിലയിരുത്തലും വന്നു. ഇതോടെ നിലമ്പൂരില്‍ ആദ്യവെടി പൊട്ടിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുമെന്ന് മുന്നറിയിപ്പ് നല്‍കി തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനെത്തുമ്പോള്‍ അന്‍വറിന് സര്‍ക്കാറില്‍ പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റിയത്. ശശിയെയും അജിത്കുമാറിനെയും കൈവിടില്ലെന്ന് അപ്പോള്‍ പിണറായി വിജയന്‍ കൃത്യമായ സൂചന നല്‍കി. മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതിനു പിന്നാലെ, പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്.

പകര്‍പ്പ് നല്‍കിയപ്പോള്‍ ശശിയുടെ പേരില്ലെന്ന് പറഞ്ഞ് എം.വി. ഗോവിന്ദന്‍ കൈകഴുകി. ശശിയുടെ പേരെഴുതി പുതിയ പരാതി നല്‍കുക മാത്രമല്ല, അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്ത അന്‍വറിന് എഴുതിക്കിട്ടിയാല്‍ എല്ലാം പരിശോധിക്കാമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഉറപ്പിലായിരുന്നു അവസാന പ്രതീക്ഷ. അതും അസ്ഥാനത്താകുന്നതാണ് ബുധനാഴ്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ കണ്ടത്. പി. ശശിക്കെതിരായ അന്‍വറിന്റെ പരാതി സെക്രട്ടറിയേറ്റ് യോഗത്തില്‍ വായിക്കുക പോലുമുണ്ടായില്ല.

പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് വാര്‍ത്തസമ്മേളനം വിളിച്ച് പ്രകീര്‍ത്തിച്ച പിണറായി വിജയന്റെ വാക്കുകള്‍ ഏറക്കുറെ, അതുപോലെ എം.വി. ഗോവിന്ദനും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റുപാടി. പിന്നാലെ അന്‍വര്‍ നാവടക്കണമെന്ന മുന്നറിയിപ്പുമെത്തി. പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ കൈവിട്ട പി.വി. അന്‍വറിന് ഇടതുപക്ഷത്ത് തുടരണമെങ്കില്‍ അല്‍പം അടങ്ങേണ്ടി വരുമെന്നുറപ്പ്. എന്നാല്‍, ഈ കീഴടങ്ങല്‍ അംഗീകരിക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇന്നത്തെ ഫേസ്ബുക് പോസ്റ്റിലൂടെ അന്‍വര്‍ വ്യക്തമാക്കുന്നത്. അതേസമയം, നിയമസഭ സമ്മേളിക്കാനിരിക്കെ വിവാദം ആളിക്കത്തി പരിക്ക് വഷളാകാതിരിക്കാന്‍ വൈകാതെ അജിത്കുമാറിന് സ്ഥാനചലനമുണ്ടാകുമെന്നാണ് വിവരം. ഇതില്‍ സിപിഐയുടെ നിലപാടാകും നിര്‍ണായകമാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിന്റെ വാദങ്ങള്‍ മുഖ്യമന്ത്രി എത്രകണ്ട് അംഗീകരിക്കുമെന്ന് കണ്ടറിയേണ്ടി വരും.

Tags:    

Similar News