ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന്: ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികനാകും
ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്;
ലബനന്‍: കേരളത്തിലെ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്. ബെയ്റുത്തിലെ പാത്രിയര്‍ക്ക അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയിലാണ് വാഴിക്കല്‍ ശുശ്രൂഷ. ബസേലിയോസ് ജോസഫ് എന്ന പേരില്‍ സ്ഥാനമേല്‍ക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ്. വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വഹിക്കുന്നത്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രമായ പാത്രിയര്‍ക്കാ സെന്ററിനോടു ചേര്‍ന്നുള്ള സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ചിനാണ് ചടങ്ങ്.
ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം 30ന് കേരളത്തില്‍ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. ശേഷം സഭാസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്‍ട്രലിലാണ് സ്ഥാനാരോഹണം. സഭയുടെ ആഗോള സിനഡ് നാളെ ഇവിടെ ചേരുന്നുണ്ട്. കേരളത്തില്‍ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത തുടങ്ങിയവരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘവും ഇവിടെയെത്തി. വത്തിക്കാനില്‍നിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും.