154 ക്യാച്ചുകള്‍; 46 സ്റ്റംമ്പിങ്; ഐ.പി.എല്‍ ചരിത്രത്തില്‍ വിക്കറ്റിനു പിന്നില്‍ 200 വിക്കറ്റ് നേടിയ ആദ്യ വിക്കറ്റ് കീപ്പറായി എം.എസ്. ധോണി
ലഖ്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് എം.എസ്. ധോണി ഐ.പി.എല്‍ ചരിത്രത്തില്‍ വിക്കറ്റിനു പിന്നില്‍ 200 വിക്കറ്റ് നേടിയ ആദ്യ വിക്കറ്റ്കീപ്പറായി മാറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി കളിക്കുന്ന ധോണി ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 200 പേരെ പുറത്താക്കിയതില്‍ 154 ക്യാച്ചുകളും 46 സ്റ്റമ്പിങ്ങുമാണ്. 182 പേരെ പുറത്താക്കിയ ദിനേശ് കാര്‍ത്തികാണ് പട്ടികയില്‍ രണ്ടാമത്.
മത്സരത്തില്‍ ലഖ്നോവിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടികളാണ് ചെന്നൈക്ക് ജയം സാധ്യമാക്കിയത്. 11 പന്തില്‍ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റണ്‍സാണ് നായകന്റെ സമ്പാദ്യം.
രവീന്ദ്ര ജഡേജ എറിഞ്ഞ 14ാം ഓവറില്‍ ആയുഷ് ബധോനിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയാണ് ധോണി നേട്ടം കൈവരിച്ചത്. അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിനേയും (63) ധോണി ക്യാച്ചെടുത്താണ് പുറത്താക്കിയത്. കൂടാതെ, ധോണി മികച്ച ഒരു ത്രോയിലൂടെ റണ്ണൗട്ടാക്കിയും ആരാധകരെ വിസ്മയിപ്പിച്ചു. 19ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കിടിലന്‍ ത്രോ. പതിരാനയെറിഞ്ഞ ബോള്‍ വൈഡായി മാറിയെങ്കിലും ബാറ്റിങ് എന്‍ഡിലുണ്ടായിരുന്ന ലഖ്‌നോ താരം അബ്ദുസമദ് റണ്ണിനാടി ഓടി. പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയര്‍ത്തി ബൗളിങ് എന്‍ഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. ബാറ്ററുടെയും തലക്കു മുകളിലൂടെ പന്ത് പറന്നിറങ്ങി നേരെ വിക്കറ്റിലാണ് കൊണ്ടത്.