ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന്; ശക്തമായ ബാറ്റിങ് നിര; എങ്കിലും താരങ്ങള്‍ ഫോമില്ല; മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജും; ധോനി ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കുമോ? സ്പിന്‍ നിര ശക്തമെങ്കിലും പേയ്‌സ് നിര അത്ര പോര; കപ്പടിക്കാന്‍ ചെന്നൈയ്ക്ക് ഈ ടീം മതിയോ?
ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് കിരീടവും, അഞ്ച് തവണ റണ്ണേഴ്‌സ് അപ്പും ആയിട്ടുണ്ട്. എം.എസ് ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച ടീമിനെ തന്നെയാണ് വാര്‍ത്തെടുത്തത്. എന്നാല്‍ ക്യാപ്റ്റന്‍ ബാറ്റണ്‍ ധോനി ഋതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു. ആദ്യ സീസണില്‍ പരാജയമായിരുന്നു.
ഇക്കുറിയും കിരീടം നേടും എന്ന് ഉറപ്പുള്ള ഒരു ടീമായാല്ല ചെന്നൈ ഇറങ്ങുന്നത്. ബാറ്റിങ് നിരയില്‍ ടീമിന് ഭയപ്പെടാനൊന്നുമില്ല. പരിചയസമ്പന്നരായ മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളും ചെന്നൈ ടീമില്‍ ഉണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്ററുകൂടിയായ ഋതുരാജ് തന്നെയായിരിക്കും ഓപ്പണിങ്ങിന് ഇറങ്ങുക. കൂട്ടാളിയായി രണ്ട് ഓപ്ഷനുകള്‍ ചെന്നൈക്ക് മുന്നിലുണ്ട്. ഡവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും. ഇന്ത്യന്‍ വിക്കറ്റുകളില്‍ ആക്രമിച്ചും കരുതലോടെയും ബാറ്റ് ചെയ്യാന്‍ കഴിയുന്നവരാണ് രണ്ട് പേരും. കോണ്‍വെയുടെ അഭാവം ഒരുപരിധി വരെ കഴിഞ്ഞ സീസണില്‍ നികത്താന്‍ രചിന് സാധിച്ചിരുന്നു. പക്ഷേ, കോണ്‍വെയുടെ കണ്‍സിസ്റ്റന്‍സി രചിന്റെ ബാറ്റുകള്‍ക്കില്ലായിരുന്നു.
അതുകൊണ്ട് തന്നെ മൂന്നാം നമ്പറായിരിക്കും രചിന് ഈ സീസണില്‍ യോജിക്കുക. രാഹുല്‍ ത്രിപാഠിക്കും ശിവം ദുബെയ്ക്കുമായിരിക്കും മധ്യനിരയുടെ ഉത്തരവാദിത്തം. കഴിഞ്ഞ സീസണില്‍ 162 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ദുബെ 396 റണ്‍സ് നേടിയത്, സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാനുള്ള ദുബെയുടെ മിടുക്കിന്റെ തെളിവായിരുന്നു ഗ്യാലറികളില്‍ പതിച്ച പന്തുകളുടെ എണ്ണം. ദീപക് ഹൂഡ എന്ന ഓപ്ഷനും ചെന്നൈക്കുണ്ട്.
എന്നാല്‍ ധോനിയുടെ കാര്യത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കും ധോണി കളത്തിലെത്തുക എന്നൊരു അഭ്യൂഹമുണ്ട്. എന്നാല്‍ ധോനി കളത്തില്‍ ഉണ്ടാകുക എന്നത് ചെന്നൈയ്ക്ക് ഒരു ആത്മവിശ്വാസം തന്നെയാണ്. പ്രത്യേകിച്ചും പരിചയസമ്പന്നത കുറഞ്ഞ ഋതുരാജെന്ന എന്ന നായകന് ധോനിലുടെ കീഴില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. ഋതുരാജിനെ ഭാവിയിലേക്ക് വാര്‍ത്തെടുക്കുക എന്നൊരു ഉത്തരവാദിത്തം ഈ സീസണിലും ധോണിക്കുണ്ടാകും.
ബൗളിങ് നിരയിലേക്ക് കടക്കുമ്പോള്‍ അശ്വിന്‍ തിരികെ എത്തിയത് വലിയ ആശ്വാസം ഉള്ളതാണ്. അശ്വിന് കൂട്ടായി ജഡേജയും ഉള്ളപ്പോള്‍ സ്പിന്‍ ബൗളിങ് ആധിപത്യം ചെന്നൈയ്ക്ക് ഉണ്ട്. കൂട്ടാളിയായി നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും എത്തുന്നതോടെ ഋതുരാജിന് മുന്നില്‍ സ്പിന്‍ ഓപ്ഷനുകള്‍ നിരവധിയാകും. ചെന്നൈയിലെ വിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കുള്ള ആനുകൂല്യം മുന്നില്‍ക്കണ്ടായിരിക്കണം ചെന്നൈ ആയുധപ്പുര നിറച്ചത്. ചെപ്പോക്കില്‍ എതിരാളികളെ കാത്തിരിക്കുന്നത് ചെന്നൈ ഉയര്‍ത്തുന്ന സ്പിന്‍ കോട്ട തന്നെയാണ്.
എന്നാല്‍ ശക്തമയാ പേയ്‌സ് നിര ടീമിന് ഇല്ലാത്തത് നന്നായി ബാധിക്കും. മതീഷ പതിരന, സാം കറണ്‍, ഖലീല്‍ അഹമ്മദ്, നാഥാന്‍ എല്ലിസ്, മുകേഷ് ചൗദരി എന്നിവരിലേക്ക് ചുരുങ്ങുന്നു ചെന്നൈയുടെ വേഗക്കാര്‍. പതിരനയുടെ യോര്‍ക്കറുകളില്‍ മാത്രം ആശ്രയിച്ചാല്‍ കിരീടയാത്ര എളുപ്പമാകില്ല. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുടെ പേസ് നിരയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെന്നൈ പിന്നിലാണ് ഇക്കാര്യത്തില്‍.
ബാറ്റിങ് നിരയിലുള്ളവരുടെ ഫോമും ചോദ്യ ചിഹ്നമാണ്. രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ നേടിയ അര്‍ധ സെഞ്ചുറി മാറ്റിനിര്‍ത്തിയാല്‍ ഡൊമസ്റ്റിക്ക് സീസണ്‍ ഋതുരാജിന് ആത്മവിശ്വാസം പകരുന്നതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപാഠിയും ദുബെയും നിരാശപ്പെടുത്തി. കോണ്‍വെയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കാണിയുടെ റോള്‍ വഹിച്ചിട്ടാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതും. രചിന്‍ മാത്രമാണ് ചെന്നൈ ബാറ്റിങ് നിരയില്‍ ഫോമിലുള്ള താരം. കോര്‍ താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയാല്‍ ചെന്നൈയുടെ നില പരുങ്ങലിലായേക്കും.