വനിതാ ട്വന്റി 20യിൽ ചരിത്ര നേട്ടവുമായി ദീപ്തി ശർമ്മ; വിക്കറ്റ് വേട്ടക്കാരിൽ ഓസ്ട്രേലിയൻ താരത്തിനൊപ്പമെത്തി ഇന്ത്യൻ ഓൾ റൗണ്ടർ
തിരുവനന്തപുരം: വനിതാ ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മ. തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്കെതിരെ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തിലാണ് ദീപ്തി ഈ നേട്ടം കൈവരിച്ചത്. ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ മെഗൻ ഷൂട്ടും ട്വന്റി 20യിൽ 151 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ലങ്കൻ ഇന്നിംഗ്‌സിന്റെ 19-ാം ഓവറിൽ മാൽഷ ഷെഹാനിയെ പുറത്താക്കിയാണ് ദീപ്തി തന്റെ 151-ാം വിക്കറ്റ് പൂർത്തിയാക്കിയത്. ഇതോടെ, 128 ഇന്നിംഗ്‌സുകളിൽ നിന്ന് 151 വിക്കറ്റുകൾ നേടി ദീപ്തി ശർമ്മ മെഗൻ ഷൂട്ടിനൊപ്പം (122 ഇന്നിംഗ്‌സുകളിൽ നിന്ന് 151 വിക്കറ്റ്) പട്ടികയിൽ മുന്നിലെത്തി.
വനിതാ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ച് താരങ്ങൾ ഇവരാണ്:
ദീപ്തി ശർമ്മ (ഇന്ത്യ): 128 ഇന്നിംഗ്‌സുകളിൽ നിന്ന് 151 വിക്കറ്റ്
മെഗൻ ഷൂട്ട് (ഓസ്‌ട്രേലിയ): 122 ഇന്നിംഗ്‌സുകളിൽ നിന്ന് 151 വിക്കറ്റ്
ഹെൻറിറ്റ് ഇഷിംവേ (റുവാണ്ട): 111 ഇന്നിംഗ്‌സുകളിൽ നിന്ന് 144 വിക്കറ്റ്
നിദാ ദർ (പാകിസ്ഥാൻ): 152 ഇന്നിംഗ്‌സുകളിൽ നിന്ന് 144 വിക്കറ്റ്
സോഫി എക്ലെസ്റ്റോൺ (ഇംഗ്ലണ്ട്): 100 ഇന്നിംഗ്‌സുകളിൽ നിന്ന് 142 വിക്കറ്റ്
അതേസമയം, ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിൽ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. 42 പന്തിൽ 79 റൺസെടുത്ത് പുറത്താവാതെ നിന്ന ഷെഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിംഗിന്റെ മികവിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 115 റൺസ് നേടി അനായാസ വിജയം ഉറപ്പിക്കുകയായിരുന്നു.
ശ്രീലങ്കൻ ബാറ്റിംഗ് നിരയെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ രേണുക സിംഗും ദീപ്തി ശർമ്മയും മികച്ച പ്രകടനം കാഴ്ചവെച്ചു. നാലോവറിൽ 21 റൺസ് വഴങ്ങി രേണുക നാല് വിക്കറ്റുകൾ നേടിയപ്പോൾ, ദീപ്തി ശർമ്മ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. നേരത്തെ ബാറ്റ് ചെയ്ത ശ്രീലങ്കൻ നിരയിൽ 27 റൺസ് നേടിയ ഇമേഷ ദുലാനിയാണ് ടോപ് സ്കോറർ. ഓപ്പണർ ഹസിനി പെരേര 25 റൺസും കവിഷ ദിൽഹാരി 20 റൺസും വിക്കറ്റ് കീപ്പർ കൗഷനി നുത്യങ്കന 19 റൺസും നേടി.
