'എന്റെ സമയം വരുമെന്ന് എനിക്കറിയാമായിരുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; അതുതന്നെയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുന്നത്'; മനസ് തുറന്ന് സഞ്ജു; ബിസിസിഐയുടെ സ്‌പെഷ്യല്‍ വീഡിയോ

Update: 2026-01-21 11:00 GMT

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ട്വന്റി 20 ലോകകപ്പിന് മുമ്പ് നടക്കുന്ന അവസാന പരമ്പരയെന്ന നിലയില്‍ ഇന്ത്യ വലിയ പ്രാധാന്യമാണ് ഈ പരമ്പരക്ക് കൊടുക്കുന്നത്. ചില അപ്രതീക്ഷിത പരിക്കുകള്‍ ഇന്ത്യന്‍ ടീമിനെ ചെറുതായൊന്ന് ഉലച്ചിട്ടുണ്ട്. തിലക് വര്‍മയുടെ പരിക്കാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന തലവേദന. ഇടം കൈയന്‍ മധ്യനിര താരമായ തിലക് വര്‍മക്ക് പരിക്കേറ്റതാണ് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം. മൂന്നാം നമ്പറിലും നാലാം നമ്പറിലുമായാണ് തിലക് വര്‍മയെ ഇന്ത്യ കളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ റോളില്‍ പകരക്കാരനായി ആര് കളിക്കുമെന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം.

മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് പകരം ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പര്‍മാരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് വ്യക്തമായിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് തിലക് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ പുറത്തിരിക്കുക ഇഷാന്‍ കിഷനാണോ അതോ സഞ്ജു സാംസണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതിനുള്ള ഉത്തരം തേടിയാണ് ഗൗതം ഗംഭീര്‍ കിവീസ് ടി20 പരമ്പരയില്‍ സഞ്ജു സാംസണേയും ഇഷാന്‍ കിഷനേയും കളിപ്പിക്കുന്നതെന്ന് പറയാം. ഓപ്പണിങ്ങില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാവും ഇറങ്ങുക. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ടും വളരെ മികച്ചതാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പ്രകടനം കിവീസ് പരമ്പരയില്‍ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതില്‍ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലും. ആദ്യമായിട്ടാണ് സഞ്ജു ഹോം ഗ്രൗണ്ടില്‍ കളിക്കാനെത്തുക. അതിന് ശേഷം ടി20 ലോകകപ്പിലും കളിക്കും.

അതേ സമയം ട്വന്റി 20 പരമ്പരയ്ക്ക് മുമ്പ് സഞ്ജു സംസണുമൊത്തുള്ള സ്പെഷ്യല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ സഞ്ജു ഇതുവരെയുള്ള യാത്രകളെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. 2024 ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതിനെ കുറിച്ചുമൊക്കെ സഞ്ജു മനസ് തുറക്കുന്നു. കൂടെ സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം സഞ്ജു വിശദീകരിക്കുന്നു.

നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സഞ്ജു വിശദീകരിക്കുന്നതിങ്ങനെ... ''2024 ടി20 ലോകകപ്പില്‍ എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതാണ് കരിയര്‍. ആ സമയത്ത് ഞാന്‍ കരുതിയിരുന്ന അത്ര ഫോമിലായിരുന്നില്ല ഞാന്‍. എന്നാല്‍ പതിനഞ്ചംഗ ടീമില്‍ ഇടം നേടനായത് മികവായി കരുതുന്നു.എന്റെ യാത്ര ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. എപ്പോഴാണ് നങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നത് പറയാന്‍ സാധിക്കില്ല. പുറമെ നിന്ന് നോക്കികാണുന്ന പോലെയല്ല, ഇന്ത്യയുെട ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍. എന്നാല്‍ ചുറ്റുമുള്ള ആളുകളില്‍ നിന്ന് ഒരുപാട് കാര്യങ്ങളെടുത്തു.'' സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു... '' ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഫോക്കസ് നല്‍കി. എന്റെ സമയം വരുമെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. ദൈവാനുഗ്രഹം കൊണ്ട് അത് സംഭവിച്ചു. അങ്ങനെ ഞാന്‍ ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങി. 10-11 ഇന്നിംഗ്സുകള്‍ ഓപ്പണറായി കളിച്ചു. അവിടെ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. അതോടെ ഓപ്പണിംഗ് റോളും ലഭിച്ചു. എനിക്ക് ലോംഗ് റണ്‍ ലഭിക്കുന്നില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിലൊരു പോസിറ്റീവ് കാര്യമുണ്ടായിരുന്നു. ഞാന്‍ ഒരിക്കല്‍ എന്റെ ഒരു മെന്ററോട് പറഞ്ഞിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്ന്. അതുതന്നെയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുന്നത്.'' സഞ്ജു വിശദീകരിച്ചു.

ടി20 ഫോര്‍മാറ്റിനെ കുറിച്ചും സൂര്യകുമാര്‍ യാദവിനെ കുറിച്ചും സഞ്ജു സാംസാരിച്ചു... ''ടി20 ഫോര്‍മാറ്റില്‍ ഭയമില്ലാത്ത ക്രിക്കറ്റാണ് വേണ്ടത്. അത് സ്വാഭാവികമായി എനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ക്രീസിലെത്തി കൂടുതലൊന്നും ചിന്തിക്കാത്ത വ്യക്തിയാണ് ഞാന്‍. എപ്പോഴും ബൗളറുടെ മേല്‍ ആധിപത്യം കാണിക്കാനാണ് ശ്രമിച്ചിട്ടുണള്ളത്. സൂര്യയുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ആ ബന്ധം ഈ ഫോര്‍മാറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരുപാട് ആശയങ്ങള്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുന്നു. ഈ യാത്രയില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

Tags:    

Similar News