'ലഞ്ചിന് മുമ്പ് സാധിക്കുമെങ്കില്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ പന്തിനോട് പറഞ്ഞു; ആ പന്തില്‍ എനിക്ക് ബൗണ്ടറി നേടാനായില്ല; ബഷീറിന്റെ ഓവറില്‍ എനിക്ക് സ്‌ട്രൈക്ക് കൈമാറാന്‍ പന്ത് നോക്കി; ഔട്ടായത് നിരാശപ്പെടുത്തി'; ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്‍
ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്‍
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് മുന്നേറുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിന് ഒപ്പമായതോടെ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം വിജയലക്ഷ്യം കുറിക്കാനാകും ഇന്ന് ഇംഗ്ലണ്ട് ശ്രമിക്കുക. അതേ സമയം മത്സരത്തിന്റെ ആദ് സെഷന്‍ ഇന്ത്യക്കും നിര്‍ണായകമാണ്. അതിവേഗം ഇംഗ്ലണ്ടിനെ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാനാകും ജസ്പ്രീത് ബുമ്രയും സംഘവും ശ്രമിക്കുക. ഇന്നലെ മത്സരം അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ ശരീര ഭാഷ ഇംഗ്ലണ്ട് ടീമിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ ഭയന്ന് വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സാക് ക്രോളി നടത്തിയ നാടകം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേ സമയം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ നിര്‍ണായകമായത് ഋഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന 141 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. മൂന്നാം ദിനം ആദ്യ സെഷനില്‍ വിക്കറ്റ് പോകാതെ പിടിച്ചുനിന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് ഋഷഭ് പന്ത് നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ താളം തെറ്റിച്ചു. കെ എല്‍ രാഹുല്‍ സെഞ്ചുറിക്ക് അരികെ 98ല്‍ നില്‍ക്കുമ്പോഴായിരുന്നു ഷൊയ്ബ് ബഷീര്‍ എറിഞ്ഞ ലഞ്ചിന് തൊട്ടു മുമ്പത്തെ അവസാന ഓവറില്‍ ഋഷഭ് പന്ത് ബെന്‍ സ്റ്റോക്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുന്നത്. ലഞ്ചിനുശേഷം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ രാഹുലും പുറത്തായത് ഇന്ത്യയുടെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.
ലഞ്ചിന് മുമ്പെ സെഞ്ചുറി തികയ്ക്കുമെന്ന കാര്യം താന്‍ റിഷഭ് പന്ത് റണ്ണൗട്ടാവുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ മൂന്നാം ദിനത്തിലെ കളിക്കുശേഷം വെളിപ്പെടുത്തി. രണ്ടോവര്‍ മുമ്പ് തന്നെ ഋഷഭിനോട് ഞാനിക്കാര്യം സൂചിപ്പിച്ചിരുന്നു. ലഞ്ചിന് മുമ്പ് സെഞ്ചുറി തികയ്ക്കുമെന്ന്. ലഞ്ചിന് മുമ്പുള്ള അവസാന ഓവര്‍ ഷൊയ്ബ് ബഷീര്‍ എറിഞ്ഞതിനാല്‍ ആ ഓവറില്‍ സെഞ്ചുറി തികയ്ക്കാന്‍ എനിക്ക് മികച്ച അവസരമായിരുന്നു. ബൗണ്ടറി അടിക്കേണ്ട പന്ത് നേരെ ഫീല്‍ഡറുടെ അടുത്തേക്ക് പോയതിനാല്‍ എനിക്കാദ്യം സംഗിളെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. ലഞ്ചിന് മുമ്പ് എന്റെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ തിരികെ സ്‌ട്രൈക്കില്‍ എത്തിക്കാനാണ് ഋഷഭ് പന്ത് റിസ്‌കി സിംഗിളിനായി ഓടിയത്. നിര്‍ഭാഗ്യവശാല്‍ അത് റണ്ണൗട്ടില്‍ കലാശിച്ചു. അത് ഒരിക്കലും സംഭവിക്കരുതായിരുന്നു. അത് കളിയുടെ ഗതിയെ തന്നെ മാറ്റിമറിച്ചു. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ നിരാശരാണ്. സ്വാഭാവികമായും ആരും വിക്കറ്റ് വലിച്ചെറിയാന്‍ ആഗ്രഹിക്കില്ലല്ലോ എന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെഞ്ചുറി തികച്ചയുടന്‍ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ പുറത്തായതിലെ നിരാശയും രാഹുല്‍ പങ്കുവെച്ചു. ഞാനും ഋഷഭ് പന്തും ചേര്‍ന്ന കൂട്ടുകെട്ട് നമ്മളെ മികച്ച നിലയില്‍ എത്തിച്ചതായിരുന്നു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് ഋഷഭും ലഞ്ചിന് ശേഷം ഞാനും പുറത്തായി. അത് വലിയ തിരിച്ചടിയായി. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റര്‍മാര്‍ പിടിച്ചു നില്‍ക്കുകയാണ് വേണ്ടത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും നല്ല തുടക്കം ലഭിച്ചതിനാല്‍ ഒരാളോ രണ്ടുപേരുമോ വലിയ സ്‌കോര്‍ നേടണമെന്നായിരുന്നു ലക്ഷ്യമിട്ടത്. അങ്ങനെ മാത്രമെ ടെസ്റ്റില്‍ മുന്‍തൂക്കം നേടാനാവുമായിരുന്നുള്ളു എന്നും കെ എല്‍ രാഹുല്‍ പറഞ്ഞു. ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. പന്ത് റണ്ണൗട്ടായത് ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ രാഹുല്‍ ലോര്‍ഡ്‌സില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ദിലീപ് വെങ്സാര്‍ക്കറിനു ശേഷം ലോര്‍ഡ്സില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രാഹുല്‍. വെങ്സാര്‍ക്കര്‍ ലോര്‍ഡ്സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.ടെസ്റ്റില്‍ രാഹുലിന്റെ 10-ാം സെഞ്ചുറിയായിരുന്നു ഇത്. അതില്‍ ഒമ്പതും നേടിയത് വിദേശ പിച്ചുകളിലാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ നാലാം സെഞ്ചുറി കൂടിയാണിത്.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന മിനിറ്റുകളിലുണ്ടായ നാടകീയ സംഭവങ്ങളിലും കെ എല്‍ രാഹുല്‍ പ്രതികരിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തെയാണ് രാഹുല്‍ വിമര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മൂന്നാം ദിനത്തിലെ കളി തീരാന്‍ ആറ് മിനിറ്റോളം ബാക്കിയുണ്ടായിരുന്നു. ഈ സമയത്തിനുള്ളില്‍ രണ്ടോവറുകള്‍ എറിയാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതുകൊണ്ടാണ് സമയം പാഴാക്കുന്നതിനെതിരെ ഗില്‍ പൊട്ടിത്തെറിച്ചത്. ഒരു ദിവസം മുഴുവന്‍ ഫീല്‍ഡില്‍ നിന്നശേഷം അവസാനം രണ്ടോവര്‍ ബാറ്റ് ചെയ്യുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്ക് മനസിലാവും. അതുകൊണ്ടാണ് രണ്ടോവര്‍ എറിയാനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചത്.
ഈ രണ്ടോവറില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ അത് ഞങ്ങള്‍ക്ക് വലിയ മുന്‍തൂക്കം നല്‍കുമായിരുന്നു. ഓപ്പണറെന്ന നിലയില്‍ എനിക്കും മനസിലാവും എന്താണ് ഇംഗ്ലണ്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്. സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അത് മനസിലാവുകയും ചെയ്തുവെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. രണ്ടാമതൊരു ഓവര്‍ കൂടി ബൗള്‍ ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ബോധപൂര്‍വം സമയം പാഴാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഗില്‍ സാക് ക്രോളിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും പരിക്കാണെങ്കില്‍ കയറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.